| Saturday, 16th January 2021, 2:53 pm

കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു; ആദ്യ ഡോസ് ശുചീകരണതൊഴിലാളിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ ഔദ്യോഗിക കുത്തിവെപ്പിന് തുടക്കമായി. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.

എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.

രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും നൂറ് പേര്‍ക്കാണ് കുത്തിവെപ്പ് നടത്തുക. രാവിലെ 9 മണി മുതല്‍ വൈകീട്ട് വരെയാണ് വാക്‌സിനേഷന്‍ സമയം. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡിനാണ് മുന്‍ഗണന. വാക്‌സിന്റെ രണ്ട് ഡോസാണ് ഒരാളില്‍ കുത്തിവെക്കുക.

ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കാണ് ഈ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല, രണ്ടു വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചത്. ഇതിലൂടെ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Vaccine in India latest updates, Sweeper gets first dose

We use cookies to give you the best possible experience. Learn more