2021 ആദ്യപാദത്തില്‍ ഇന്ത്യയില്‍ 25 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം
Covid19
2021 ആദ്യപാദത്തില്‍ ഇന്ത്യയില്‍ 25 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th October 2020, 4:39 pm

ന്യൂദല്‍ഹി: 2021 ആദ്യപകുതിയോടെ 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. സോഷ്യല്‍ മീഡിയ സംവാദ പരിപാടിയായ ‘സണ്‍ഡേ സംവാദി’ല്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

2021 ജൂലൈ ആകുമ്പോഴെക്കും രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. ഇതിനായി 400 മുതല്‍ 500 ദശലക്ഷം വാക്‌സിന്‍ ഉപയോഗിക്കും. വാക്‌സിനുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ അവയെ തുല്യവും ന്യായമായതുമായ രീതിയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കും- അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുന്നതിലാണ് സര്‍ക്കാരിന്റെ മുന്‍ഗണന. എന്നാല്‍ ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുന്നതില്‍ പ്രാധാന്യം നല്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതില്‍ യാതൊരു ക്രമക്കേടുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ഗണനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും. വിതരണം സംബന്ധിച്ച കാര്യങ്ങള്‍ വരും മാസങ്ങളില്‍ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ രാജ്യത്ത് വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കോവാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമെന്ന് ഗവേഷകര്‍ അറിയിച്ചിരുന്നു. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു.

ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്സിന്റെ പരീക്ഷണം നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ വാക്സിന്‍ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:  Covid Vaccine Govt Target Is To Cover 25 Crore People By July 2021