ഇന്ത്യയില്‍ വാക്‌സിന് അനുമതി; രണ്ട് വാക്‌സിനുകള്‍ അടിയന്തര ഉപയോഗത്തിനായി മാത്രം
national news
ഇന്ത്യയില്‍ വാക്‌സിന് അനുമതി; രണ്ട് വാക്‌സിനുകള്‍ അടിയന്തര ഉപയോഗത്തിനായി മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd January 2021, 11:31 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന് അനുമതി. കൊവിഷില്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ക്കാണ് അനുമതി ലഭിച്ചത്.
അടിയന്തര ഉപയോഗത്തിനാണ് അനുമതിയെന്നും വാക്‌സിന്‍ 70.42 ശതമാനം ഫലപ്രദമാണെന്നും ഡി.സി.ജി.ഐ അറിയിച്ചു.

ഉപാധികളോടെ അനുമതി നല്‍കുന്നുവെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറാണ് അറിയിച്ചത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീല്‍ഡ് വാക്സിന് അനുമതി നല്‍കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കൊവിഷീല്‍ഡ്’ വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

വാക്സിന്‍ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈ റണ്‍ രാജ്യത്തെല്ലായിടത്തും നടത്തുകയും ചെയ്തിരുന്നു. വിദഗ്ധ ശുപാര്‍ശയില്‍ രാജ്യത്തെ ഡ്രഗ്സ് കണ്‍ട്രോളര്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് വാക്സിനുകളില്‍ ഒന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയുമായും ആസ്ട്രാസെനകയും ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്. ഭാരത് ബയോടെക്കിന്റെ വാക്സിനാണ് കൊവാക്സിന്‍. വിദേശസ്വകാര്യകമ്പനിയായ ഫൈസറിന്റെ വാക്സിനും അനുമതി വിദഗ്ധസമിതി പരിഗണിക്കുന്നുണ്ട്.

ഈ മൂന്ന് കമ്പനികളോടും മരുന്ന് പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളില്‍ ലഭിച്ച ഫലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊവിഷില്‍ഡിന് ബ്രിട്ടണില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid vaccine gets for india for emergency purpose