| Saturday, 21st August 2021, 5:14 pm

12 വയസ് മുതലുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ഒക്ടോബറോടെ; ഒരു കോടി ഡോസ് വാക്സിന്‍ വികസിപ്പിക്കുമെന്ന് മരുന്ന് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടിയന്തര ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ അനുമതി ലഭിച്ച സൈകോവ്-ഡി (ZyCoV-D) ഉടന്‍ തന്നെ വിപണിയിലെത്തും. വാക്സിന്‍ നിര്‍മാതാക്കളായ സൈഡസ് കാഡില്ല തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആറാമത്തെ വാക്സിനാണ് സൈകോവ്-ഡി. ഈ പ്ലാസ്മിഡ് ഡി.എന്‍.എ വാക്സിന്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാവുമെന്നാണ് കണ്ടെത്തല്‍.

28,000 ആളുകള്‍ക്കാണ് ഫേസ് 3 പരീക്ഷണങ്ങളുടെ ഭാഗമായി വാക്സിന്‍ കുത്തിവെച്ചിട്ടുള്ളത്. ഇതില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തിയെന്നും കാഡില്ല അറിയിച്ചു.

സൂചി ഉപയോഗിക്കാതെ കുത്തിവെപ്പ് എടുക്കാന്‍ സാധിക്കുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത. പ്രത്യേക ഉപകരണം ഉപയോഗിച്ച് തൊലിക്കടിയിലേക്ക് ഇന്‍ജക്ട് ചെയ്യുന്നതാണ് ഇതിന്റെ രീതി. ലോകത്തിലെ തന്നെ ആദ്യ ഡി.എന്‍.എ ഒറിജിന്‍ വാക്സിനാണ് സൈകോവ്-ഡി.

ഇന്ത്യയിലെ മറ്റു വാക്സിനുകളെ അപേക്ഷിച്ച് 3 ഡോസ് വാക്സിന്‍ എടുക്കണം എന്ന പ്രത്യേകതയും ഈ വാക്സിനുണ്ട്. 28 ദിവസമാണ് കുത്തിവെപ്പുകള്‍ തമ്മിലുള്ള ഇടവേള.

വാക്സിന്റെ വില എത്രയാണെന്ന് ഉടന്‍തന്നെ അറിയിക്കുമെന്ന് സൈഡസ് കാഡില്ല അറിയിച്ചു. ഒരുകോടിയോളം ഡോസുകള്‍ ഒക്ടോബറോടെ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കാഡില്ല വ്യക്തമാക്കി.

കൂടാതെ 2 വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 2021 സെപ്റ്റംബറോടെ വാക്സിന്‍ നല്‍കാന്‍ സാധിച്ചേക്കുമെന്ന് ഐ.സി.എം.ആര്‍- എന്‍.ഐ.വി ഡയറക്ടര്‍ പ്രിയ എബ്രഹാം അറിയിച്ചു. സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ടമെന്റിന്റെ ഒ.ടി.ടി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ എബ്രഹാം ഇക്കാര്യം പറഞ്ഞത്.

എന്‍.ഐ.വിയില്‍ നടന്ന വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് അവര്‍ ഈ കാര്യം അവതരിപ്പിച്ചത്. 2020 ഏപ്രില്‍ അവസാനത്തോടെ ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് (ബി.ബി.ഐ.എല്‍) ഐസൊലേറ്റ് ചെയ്ത സ്ട്രെയിന്‍ നല്‍കിയിരുന്നു. അതില്‍ നിന്നും അവര്‍ ഒരു വൈറോണ്‍ ഇനാക്ടിവേറ്റഡ് വാക്സിന്‍ വികസിപ്പിച്ച് തിരികെ അയച്ചിട്ടുണ്ട് പ്രിയ എബ്രഹാം പറഞ്ഞു.

അതിനുമേലുള്ള പരീക്ഷണങ്ങല്‍ അവസാന ഘട്ടത്തിലാണ്. നോണ്‍ ഹ്യുമണ്‍ പ്രൈമേറ്റുകളില്‍ (കുരങ്ങ്) പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ഡയഗ്‌നോസിസ് ഘട്ടത്തിലേക്ക് എത്താന്‍ അവ സഹായിച്ചുവെന്നും ഈ പരീക്ഷണങ്ങളുടെ ഫലം ഉടന്‍ തന്നെ ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Covid Vaccine for children in India – updates

We use cookies to give you the best possible experience. Learn more