വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഡെമോക്രാറ്റ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ യു.എസില്‍ വാഗ്വാദം മുറുകുന്നു. ഡെമോക്രാറ്റ് പാര്‍ട്ടി അംഗവും യു.എസ് കോണ്‍ഗ്രസ് പ്രതിനിധിയുമായ അലക്‌സാണ്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ലൈവ് വീഡിയോയുമായി ഇന്‍സ്റ്റഗ്രാമില്‍ വന്നതിന് പിന്നാലെ വിമര്‍ശനവുമായി ഡെമോക്രാറ്റ് നേതാക്കളും റിപ്പബ്ലിക് പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. വയസ്സായവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം വാകസിന്‍ ലഭിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം.
‘എന്നോടും കോണ്‍ഗ്രസിലെ മറ്റു അംഗങ്ങളോടൊപ്പം വാക്‌സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രോഗം വന്ന് മാറി പ്രതിരോധശേഷി നേടിയവര്‍ വയസ്സായവരേക്കാളും ആരോഗ്യപ്രവര്‍ത്തകരേക്കാളും മുന്‍പേ വാക്‌സിന്‍ സ്വീകരിക്കുന്നത് എനിക്ക് ശരിയായി തോന്നുന്നില്ല. അലക്‌സാണ്‍ഡ്രിയ ഒകാസിയോ കോര്‍ട്ടെസിനോടും നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരോടും ഇത് തന്നെയാണ് പറയാനുള്ളത്. ഇവര്‍ ഏറ്റവും അവസാനമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. അല്ലാതെ ആദ്യമല്ല.’ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ ട്വീറ്റ് ചെയ്തു.
ഈ വാദത്തിന് ശക്തമായ മറുപടിയുമായി അലക്‌സാണ്‍ഡ്രിയ രംഗത്തെത്തി. വാക്‌സിനെക്കുറിച്ചും കൊവിഡിനെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍സ് നടത്തിയ അശാസ്ത്രീയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അലക്‌സാണ്‍ഡ്രിയയുടെ മറുപടി ട്വീറ്റ്.
‘റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ശാസ്ത്രത്തിലും മാസ്‌കിലും കൊവിഡിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഈ പറയും പോലെ കാര്യങ്ങള്‍ നടക്കുമായിരുന്നു. സ്വയം കുത്തിവെപ്പ് നടത്താതെ ജനങ്ങളോട് വാക്‌സിന്‍ സ്വീകരിക്കണമെന്ന് നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്ന വ്യാജവാര്‍ത്തകളുടെ പരിണിതഫലങ്ങളെ കുറിച്ച് ആലോചിച്ച് തലപുകക്കേണ്ടായിരുന്നു.’ അലക്‌സാണ്‍ഡ്രിയ ട്വീറ്റ് ചെയ്തു.
അതേസമയം ഡെമോക്രാറ്റ് നേതാവായ ഇല്‍ഹാന്‍ ഒമറും നേതാക്കള്‍ ആദ്യം വാക്‌സിന്‍ സ്വീകരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. പ്രായമായിരുന്നു ഇവിടെ വിഷയമാക്കിയിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പക്ഷെ ഇവിടെ ഓരോരുത്തരുടെയും പ്രാധാന്യമാണ് പരിഗണിച്ചത്. നാണംകെട്ട പരിപാടിയാണിതെന്നായിരുന്നു ഇല്‍ഹാന്‍ ഒമറിന്റെ പ്രതികരണം.
എല്ലാ ദിവസവും ത്യാഗപൂര്‍ണ്ണമായ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേക്കാളും അധ്യാപകരേക്കാളും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നവരല്ല ഞങ്ങള്‍. അതുകൊണ്ടാണ് ഞാന്‍ വാക്‌സിനെടുക്കാത്തത്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം ലഭിക്കട്ടെയെന്നും ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റില്‍ പറഞ്ഞു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷനില്‍ ലൈവായി വന്നുകൊണ്ട് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്സിന്‍ സ്വീകരിച്ചത്.
ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്.
അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു.
പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക