| Wednesday, 2nd June 2021, 8:20 am

മൂന്ന് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ഗുരുതര വീഴ്ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര: മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്.

ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് 2018 ല്‍ ഹര്‍ദാസ് ഭായി മരിച്ചിരുന്നു. ഹര്‍ദാസിന്റെ മരണസര്‍ട്ടിഫിക്കറ്റും കുടുംബങ്ങളുടെ കൈവശമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹര്‍ദാസിന്റെ പേരില്‍ കുടുംബത്തിന് ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ചത്. തിങ്കളാഴ്ച വാക്സിനേഷന്‍ നല്‍കിയവരുടെ പട്ടികയില്‍ ഹര്‍ദാസ് ഭായിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ഞായറാഴ്ച രാവിലെ 8.50 ഓടെയാണ് കുടുംബത്തിന് സര്‍ട്ടിഫിക്കറ്റ് അയച്ചുകിട്ടിയത്.

സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തില്‍  മരിച്ചയാളുടെ പാന്‍ നമ്പര്‍ വാക്‌സിനേഷന്‍ നല്‍കിയ ചെറുമകളുടേതിന് തുല്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ ആദായനികുതി വകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദാഹോദ് ജില്ലാ കളക്ടര്‍ വിജയ് ഖരടി പറഞ്ഞു.

എന്നാല്‍ മരിച്ചയാളുടെ പേര് പേരക്കുട്ടിക്ക് പകരം സന്ദേശത്തില്‍ എങ്ങനെയാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നേരത്തെയും സമാനമായ സംഭവം നടന്നിരുന്നു. സലോദ് താലൂക്കിലെ ലിംഡിയില്‍ മധു ശര്‍മ (72) എന്ന സ്ത്രീക്ക് കുത്തിവയ്പ് നല്‍കിയതായി ഞായറാഴ്ച അവരുടെ മകനായ നിപുല്‍ ശര്‍മയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 15 ന് മധു ശര്‍മ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ദഹോദ് ജില്ലാ ചീഫ് ആരോഗ്യ ഓഫീസര്‍ ഡോ. ആര്‍.ഡി. പഹാദിയ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Covid Vaccine Certificate in Gujarat in the name of the person who died three years ago

We use cookies to give you the best possible experience. Learn more