| Thursday, 22nd October 2020, 6:22 pm

എപ്പോഴാണ് കൊവിഡ് വാക്‌സിന്‍ കിട്ടുകയെന്നറിയാന്‍ തെരഞ്ഞെടുപ്പ് എന്നാണെന്ന് നോക്കൂ; ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ എന്നാണ് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുകയെന്ന് മനസിലാക്കാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

”ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൊവിഡ് വാക്‌സിനും തെറ്റായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ”, രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ബീഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞ കൊവിഡ് വാക്സിന് പാര്‍ട്ടിയുടെ ഖജനാവില്‍ നിന്നെടുത്ത് പണം കൊടുക്കുമോ എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചത്.

” പാര്‍ട്ടി ട്രഷറിയില്‍ നിന്ന് ഈ വാക്സിനുകള്‍ക്ക് ബി.ജെ.പി പണം നല്‍കുമോ? സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം വരുന്നതെങ്കില്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ വാക്സിന് പണം നല്‍കേണ്ടി വരുമ്പോള്‍ ബീഹാറിന് എങ്ങനെ സൗജ്യമായി വാക്സിനുകള്‍ ലഭിക്കും?” അദ്ദേഹം ചോദിച്ചു.

കൊവിഡ് സൃഷ്ടിച്ച ഭയത്തെ പോലും ചൂഷണം ചെയ്യുന്ന ബി.ജെ.പിയുടെ നിര്‍ലജ്ജമായ ജനാധിപത്യ സിദ്ധാന്തം വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

കൊവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്‍.ജെ.ഡിയുടെ പ്രതികരണം.

രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്‌സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.

അതേസമയം, കൊവിഡ് -19 വാക്‌സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമാണ് ശിവസേന ചോദിച്ചത്.

കൊറോണ വൈറസ് വാക്‌സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

എന്‍.ഡി.എ ഭരണത്തിന്‍ കീഴില്‍ ബീഹാറിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുത്തനെ വര്‍ധനയുണ്ടായതായി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നു. ബീഹാറിലെ ജി.ഡി.പി മൂന്ന് ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നുവെന്നന്നും അവര്‍ പറഞ്ഞു.

അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Vaccine BJP Manifesto Rahul Gandhi

We use cookies to give you the best possible experience. Learn more