ന്യൂദല്‍ഹി: ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്കി ഡി.സി.ജി.ഐ( ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ).
കൊവിഡ് സബ്ജക്ട് എക്സ്പേര്‍ട്ട് കമ്മിറ്റിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷം ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഡിസിജിഐ ഡോ. വി.ജി സോമാനി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
‘രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് വിലയിരുത്തിയ സുരക്ഷാ വിവരങ്ങള്‍ സെന്‍ട്രല്‍ ഡ്രഗ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നല്‍കേണ്ടതുണ്ട്,’ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
നാലാഴ്ചകളുടെ ഇടവേളയിലായി രണ്ട് ഡോസുകളായിരിക്കും പരീക്ഷണത്തിന് തയ്യാറാവുന്നവര്‍ക്ക് നല്‍കുക. ആദ്യത്തെ ഡോസ് നല്കി കഴിഞ്ഞാല്‍ 29ാമത്തെ ദിവസമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുക. കൃത്യമായ ഇടവേളകളില്‍ ഇവരുടെ പ്രതിരോധ ശേഷി പരിശോധിക്കുകയും ചെയ്യും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ പുതുക്കിയ ശുപാര്‍ശ പ്രകാരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,600ഓളം പേരാണ് പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. എയിംസ് ദല്‍ഹി, പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളെജ്, രാജേന്ദ്ര മെമോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പറ്റ്ന തുടങ്ങി തെരഞ്ഞെടുത്ത 17 സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ പങ്കെടുക്കുക.
നേരത്തെ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് വെള്ളിയാഴ്ച അവസാന ഘട്ട വാക്സിന് പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള അനുമതി നല്‍കിയിരുന്നു. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒന്നും രണ്ടും ഘട്ട പരീക്ഷണം നടത്തിയ ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരുന്നു കൊവിഷീല്‍ഡ് എന്ന് പേരിട്ട വാക്സിന്റെ പരീക്ഷണം മുതിര്‍ന്നവരില്‍ നടത്താന്‍ അനുമതി നല്‍കിയത്.
വാക്സിന് തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍മ്മിക്കാന്‍ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ്, ഓക്സ്ഫോര്ഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെക്കയും തെരഞ്ഞെടുത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ