ന്യൂദല്‍ഹി: ജനുവരി 16 മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില് വാക്‌സിന്‍ വിതരണം ചെയ്യുക. 30 കോടി പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കുക.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. മൂന്നാം ഘട്ട ട്രയല്‍ നടത്താതെ കൊവാക്‌സിന് അനുമതി നല്‍കിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ആദ്യ ഘട്ടത്തില് വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. മുന്‍ഗണനാപ്പട്ടികയിലെ മുപ്പത് കോടിയില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും ആദ്യ ഘട്ടത്തില് വാക്‌സിന്‍ നല്‍കുക.
അതിനു ശേഷം കൊവിഡ് മുന്നണിപ്പോരാളികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി രണ്ട് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ മൂന്ന് കോടി പേര്‍ക്ക് സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ വിതരണം. ബാക്കിയുള്ള 27 കോടി വരുന്നവരെ ആയുഷ്മാന്‍ പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് വാക്‌സിന്‍ വിതരണത്തിനുള്ള തിയതി തീരുമാനിച്ചത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുവരെയുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഡ്രൈ റണ്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ഓരോ സംസ്ഥാനത്തിനുമുള്ള വാക്‌സിന്റെ ഡോസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകുക.
വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനത്ത് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി നേരത്തെ തന്നെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ വിതരണം നടക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക