കേരളം ഇപ്പോള്‍ കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം നേരിട്ടുകൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം വലിയ തോതില്‍ നടക്കുമ്പോള്‍ മരണങ്ങളുടെ എണ്ണവും കൂടിവരുന്നുണ്ട്. കേരളത്തിലെ മരണനിരക്ക് കാണിക്കുന്നത്, മരണപെട്ടവരില്‍ 75 ശതമാനത്തോളം (3975 പേര്‍, 29 ഏപ്രില്‍ വരെ) ആളുകള്‍ വയോജനങ്ങളാണ് എന്നാണ്. എന്നിരുന്നാലും വയോജനങ്ങളിലെ കോവിഡ് മരണങ്ങള്‍ വേണ്ടവിധം കേരളം ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാന്‍. കോമോര്‍ബിഡിറ്റിയുള്ള ആളുകളാണ് കൂടുതലും കോവിഡ് 19 മരണങ്ങള്‍ക്ക് ഇരയായത്. കേരളത്തിലെ മരണപ്പെട്ട വയോജനങ്ങള്‍ക്ക് കൂടുതലും കാണപ്പെട്ടത് ഹൃദ്രോഗം, ഡയബെറ്റിക്‌സ്, COPD, കിഡ്നി രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, കാന്‍സര്‍ പോലുള്ള അസുഖങ്ങളാണ്.
നിലവില്‍ രോഗപ്രതിരോധത്തിന് വാക്സിനേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ജനുവരിയില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ആരംഭിച്ച വാക്സിനേഷന്‍ പ്രോഗ്രാം മാര്‍ച്ച് മാസത്തോടു കൂടി 60 വയസ്സിന് മുകളിലുള്ളവര്‍ക്കും അതോടൊപ്പം 45 വയസ്സും കോമോര്‍ബിഡിറ്റിയും ഉള്ളവര്‍ക്കും, ഏപ്രില്‍ മാസത്തോടു കൂടി 45 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും കൂടി ലഭ്യമാക്കി തുടങ്ങി. തുടക്കത്തില്‍ വയോജനങ്ങള്‍ വാക്‌സിനേഷനെ വേണ്ടത്ര കാര്യമായി എടുത്തില്ല എന്ന് വേണം കരുതാന്‍. ഇത് വാക്സിനേഷന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്ക്കരണം ഇല്ലാത്തതു കൊണ്ടോ, ഭയം കാരണമോ, അതുമല്ലെങ്കില്‍ വാക്‌സിന്‍ വിമുഖതയയും ഒക്കെ ആവാം.
മറ്റുള്ള പ്രായക്കാരെ അപേക്ഷിച്ച് നിരക്ഷരരും ഡിജിറ്റല്‍ ലിറ്ററസി കുറഞ്ഞതുമായ ആളുകള്‍ കൂടുതല്‍ ഉള്ളത് വയോജനങ്ങളിലാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോ അല്ലെങ്കില്‍ ബോധവല്‍ക്കരണമോ വേണ്ടവിധം എല്ലാ വയോജനങ്ങളിലും എത്തിച്ചേര്‍ന്നു എന്ന് വരില്ല. പക്ഷെ ഏപ്രിലില്‍ ആദ്യ ആഴ്ച്ചയ്ക്ക് ശേഷം വലിയ ആള്‍ക്കൂട്ടങ്ങളാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കണ്ടത്. ഇത് ഒരു പക്ഷെ കോവിഡ് 19 ന്റെ രണ്ടാം ഘട്ടം ഇതേകാലയളവില്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ മരണങ്ങള്‍ കാരണം രൂപപ്പെട്ട ഭയം കാരണമായിരിക്കാം. പിന്നീടുള്ള ദിവസങ്ങളില്‍, വേണ്ടത്ര വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ കേരളം ഉള്‍പ്പെടെ പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ പ്രോഗ്രാം മുടങ്ങുന്ന സാഹചര്യവും കാണപ്പെട്ടു.
ഇന്ത്യയിലെ നിലവിലെ വാക്സിനേഷന്‍ പ്രോഗ്രാം വ്യക്തമായ ആസൂത്രണം ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് ജനസംഖ്യയുടെ അടിസ്ഥാനത്തിലോ രോഗവ്യാപനത്തിന്റെ തോതോ അനുസരിച്ചല്ല എന്നാണ് വ്യക്തമാവുന്നത്. മെയ് 1 മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടി വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് (ഇനിയും അന്തിമ തീരുമാനം വന്നിട്ടില്ല).
ഇത് ചിലപ്പോള്‍ വാക്സിന്റെ ആദ്യ ഡോസ് പോലും എടുക്കാക്കാത്ത വയോജനങ്ങളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിട്ടേക്കാം. നിലവില്‍ കേരളത്തിലെ ഏകദേശം 21 ശതമാനത്തോളോം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇനിയും നല്ല ഒരു ശതമാനം വയോജനങ്ങള്‍ വാക്സിന്‍ എടുക്കാത്തതായുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ആവശ്യമുള്ള മുഴുവന്‍ വയോജനങ്ങള്‍ക്കും ആദ്യഘട്ട വാക്സിന്‍ നല്‍കിയതിന് ശേഷം മറ്റുപ്രായക്കാരെ പരിഗണിക്കുന്നതായിരിക്കും ഉചിതം. ഇത് വയോജനങ്ങളിലെ കോവിഡ് 19 മരണങ്ങളില്‍ ഗണ്യമായ കുറവു കൊണ്ടുവരാന്‍ സഹായിച്ചേക്കും.
80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കിടപ്പിലായ വ്യക്തികള്‍ക്കും വീടുകളില്‍ വച്ച് വാക്സിന്‍ നല്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് പെട്ടന്ന് തന്നെ നടപ്പിലാക്കിയാല്‍ ഒരുപാട് പേര്‍ക്ക് ആശ്വാസകരമാവും. അതോടൊപ്പം, ആരോഗ്യപരമായി വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വയോജനങ്ങള്‍ക്കും (60 മുതല്‍ 79 വയസ്സ് വരെ) വീടുകളില്‍ വച്ച് വാക്സിന്‍ നല്‍കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കേണ്ടിയിരിക്കുന്നു.
പലപ്പോഴും വാക്സിനേഷന്റെ സ്‌പോട് രെജിസ്‌ട്രേഷന്‍ പ്രോഗ്രാം ജനങ്ങളുടെ ഇടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അതില്‍ അടിയന്തിരമായി മാറ്റങ്ങള്‍ വരുത്തി, വാക്സിന്‍ നല്‍കാന്‍ കഴിയുന്ന ആളുകളെ മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തന്നെ വൈറസ് പകരാന്‍ ഇടയാക്കിയേക്കും. വാക്സിനോട് വിമുഖത കാണിക്കുന്ന വയോജനങ്ങള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. അവര്‍ക്കു ബോധവല്‍ക്കരണം/കൗണ്‍സിലിങ് സംവിധാനങ്ങള്‍ സാമൂഹിക നീതിവകുപ്പു/സാമൂഹിക സുരക്ഷാമിഷന്‍ ഏര്‍പ്പെടുത്തി വാക്സിനേഷന്റെ ഭാഗമാക്കിയാല്‍, കൂടുതല്‍ പേരെ രോഗപ്രതിരോധം ആര്‍ജിക്കുന്നതിനു സഹായിക്കും.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക