തൃശ്ശൂര്‍: തൃശ്ശൂര്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ താലൂക്ക് ഓഫീസ് അടച്ചു. ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.
നേരത്തെ ഇടുക്കിയില്‍ ഇടുക്കി പീരുമേട്ടില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പീരുമേട് പട്ടുമലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇദ്ദേഹം അറുപതിലധികം വീടുകള്‍ കയറിയിറങ്ങിയാണ് പ്രാര്‍ത്ഥന നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാസ്റ്റര്‍ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയാന്‍ മുറിയും ടോയ്ലറ്റ് സംവിധാനങ്ങളും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക.
വാര്‍ഡ് തല സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും വീടുകളില്‍ നിരീക്ഷണം നല്‍കുക. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലെ നിരീക്ഷണവും ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി നല്‍കുക.
രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം വീടുകളില്‍ നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കള്കടര്‍ ഉത്തരവിട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും വീട്ടിലിരുത്തിയുള്ള ചികിത്സ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക