| Sunday, 16th January 2022, 1:26 pm

നടന്‍ മമ്മൂട്ടിക്ക് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.

ചെറിയ ജലദോഷമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം.

അതേസമയം, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും കീഴ്‌ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറും.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ സിറ്റിങ് നടത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. പൊതുജനങ്ങള്‍ക്ക് കോടതിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.

അതേസമയം, കൊവിഡ് കണക്കുകളില്‍ വര്‍ധനവ് ഉണ്ടാവുന്നതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാവും. ടി.പി.ആര്‍ 20ന് മുകളിലെത്തിയ ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി.

കഴിഞ്ഞദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക.

ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപന മേധാവികള്‍ക്ക് സ്വയം തീരുമാനമെടുത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാം.

മറ്റേതെങ്കിലും മേഖലയില്‍ നിയന്ത്രണം വരുത്തണോ എന്നതിന് തിങ്കാളാഴ്ച തീരുമാനമാകും.

യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Covid to actor Mammootty

We use cookies to give you the best possible experience. Learn more