ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവത്കരിച്ച സമിതി.
പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചനകള്‍ ഉള്ളത്. മൂന്നാം തരംഗത്തില്‍ കുട്ടികളിലും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളുടെ രോഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ കുറവാണെന്നും ഈ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
രോഗവ്യാപന തോത് കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ അപര്യാപ്തമാകും. ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്സി ജനറേറ്ററുകള്‍ തുടങ്ങിയവയുടെയും ആവശ്യകത വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 30,948 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു. 4.34 ലക്ഷം പേരാണ് മരിച്ചത്. 97.57 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.