|

കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തോളം തന്നെ ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കും കൊവിഡ് മൂന്നാം തരംഗമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. കൊവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തില്‍ നിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ലെന്നും മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തില്‍ നിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാം തരംഗം. രണ്ടാം തരംഗമാവട്ടെ ആദ്യത്തേതില്‍ നിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയില്‍ ഇത് 4.2 മടങ്ങായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് 4.14 ലക്ഷം വരെ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഇപ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.

മെയില്‍ ഇന്ത്യയില്‍ 90.3 ലക്ഷം കൊവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തില്‍ ഉണ്ടാകുന്ന രോഗികളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മെയുടെ രണ്ടാം പകുതിയില്‍ രോഗികളുടെ എണ്ണം കുറയുകയും ചെയ്തു.

ഏപ്രിലില്‍ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വര്‍ധനയാണ് മെയിലുണ്ടായത്. മെയ് മാസത്തില്‍ മാത്രം 1.2 ലക്ഷം കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായാല്‍ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കിയും ഇത് സാധ്യമാക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമായ ബി.1.617.2 എന്ന ഡെല്‍റ്റ വേരിയന്റിനെ കുറിച്ച് മാത്രമെ നിലവില്‍ ആശങ്കയുള്ളുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മറ്റ് വകഭേദങ്ങളുടെ വ്യാപനശേഷി കുറഞ്ഞുവരുന്നതായും ലോകാരോഗ്യ
സംഘടന അറിയിച്ചു.

ഇന്ത്യയില്‍ അതിതീവ്രവ്യാപനത്തിന് കാരണമായ ബി.1.617.2 വേരിയന്റിന് ട്രിപ്പിള്‍ മ്യൂട്ടേഷന്‍ സംഭവിച്ചുവെന്നും ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

നിലവില്‍ ബി.1.617.2 എന്ന കൊവിഡ് ഡെല്‍റ്റ വേരിയന്റിന്റെ വ്യാപന ശേഷിയേയും വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെയും കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: covid  third wave could be severe as second sbi report