| Wednesday, 23rd September 2020, 11:55 pm

വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ്, പോസീറ്റീവ് ആയ ശേഷം കാണാനില്ല; കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ ആള്‍മാറാട്ടം നടത്തിയെന്ന് പൊലീസില്‍ പരാതി. വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ആണ് പരാതി നല്‍കിയത്.

സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. കെ എം അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്.

പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു.48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി.

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസം, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും പരാതിയില്‍ പറയുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം താന്‍ പരിശോധന നടത്തിയെന്നും പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെയാണ് താന്‍ ക്വറന്റൈന്‍ ഇരിക്കുന്നതെന്നുമാണ് അഭിജിത്ത് മാധ്യമങ്ങളോട് വിശദീകരിച്ചത്.

എന്നാല്‍ വ്യാജ പേര് നല്‍കിയതിനെ കുറിച്ച് അഭിജിത് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ക എം അഭിജിതിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു. നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ അഭിജിത്ത് സമ്പര്‍ക്കത്തില്‍ വരികയും ചെയ്തിരുന്നു. എന്നിട്ടും തനിക്ക് രോഗം സ്ഥിരീകരിച്ചതായി അഭിജിത്ത് മാധ്യമങ്ങള്‍ വഴിയോ ഫേസ്ബുക്ക് വഴിയോ അറിയിച്ചിട്ടില്ല.

നേരത്തെ സംസ്ഥാനത്തെ സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമായ സാഹചര്യത്തില്‍ അപകടം മുന്‍കൂട്ടി കാണണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിവിധ ജില്ലകളിലായി സമരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് ഈ രീതിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായാണ് മുഖ്യമന്ത്രി പറഞ്ഞത്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ മാനദണ്ഡം പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പകര്‍ന്നുവെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വര്‍ധനവാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 42,786 പേരാണ് ചികിത്സയിലുള്ളത്. 51200 സാംപിളുകള്‍ ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത കുറവാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് മരണസംഖ്യയും ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid test on fake name, disappears after being positive; Complaint against KSU President KM Abhijith

Latest Stories

We use cookies to give you the best possible experience. Learn more