| Tuesday, 16th June 2020, 8:47 am

സൗദിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആവണം; സര്‍ക്കാര്‍ തീരുമാനത്തില്‍ പകച്ച് പ്രവാസികള്‍; സൗദിയില്‍ കൊവിഡ് വ്യാപനം രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന രേഖ വേണമെന്ന് ഇന്ത്യന്‍ എം.ബസി തീരുമാനം. കേരളത്തിന് പ്രത്യേകമായാണ് ഈ നിബന്ധന. സൗദിയില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്നതിനിടെയാണ് പുതിയ നിബന്ധന.

എന്നാല്‍ സൗദിയില്‍ നിന്നും കൊവിഡ് പരിശോധന നടത്തുക എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. നിലവില്‍ സൗദിയില്‍ രോഗലക്ഷണമില്ലാത്താവര്‍ക്ക് സര്‍ക്കാറിനു കീഴിലുള്ള ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്താന്‍ സാധിക്കില്ല. സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്ക് വരുന്ന ചെലവ് 1500 റിയാലോളമാണ്. ഏകദേശം 30000 രൂപയോളം വരുമിത്.

റാപിഡ് പരിശോധന ഫലം സൗദി സര്‍ക്കാര്‍ അംഗീകരിക്കുകയുമില്ല. നിലവില്‍ സൗദിയിലെ ഒരു വിമാനത്താവളത്തിലും റാപിഡ് പരിശോധന ന നടത്തുന്നുമില്ല. ചില വിമാനത്താവളങ്ങളില്‍ ശരീര ഊഷ്മാവ് മാത്രം പരിശോധിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കു പ്രകാരം സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം 110000 ഇന്ത്യക്കാരാണ്. ഇതില്‍ 72600 പേരും മലയാളികളാണ്.

സൗദിയില്‍ കൊവിഡ് അതിരൂക്ഷമായി പടരുന്നതിനിടെയാണ് കേരളത്തിലേക്ക് ചാര്‍ച്ചേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ വെച്ചിരിക്കുന്നത്.

132000 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4507 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 മരണങ്ങളാണ് തിങ്കളാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണ സംഖ്യ ആയിരം കടക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more