| Thursday, 24th September 2020, 1:23 pm

കെ.എം അഭിജിത്തിനെതിരെ ആള്‍മാറാട്ടത്തിന് കേസ്; പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെറ്റായ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. ആള്‍മാറാട്ടത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോത്തന്‍കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. കെ എം അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്.

പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. 48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസം, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും പരാതിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് പരാതിയില്‍ വിശദീകരണവുമായി അഭിജിത്ത് രംഗത്തെത്തി. ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം ചെയ്തത് സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണെന്നും ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ക്ലറിക്കല്‍ തെറ്റാണ് ഇതെന്നാണ് ബാഹുല്‍ തന്നെ അറിയിച്ചതെന്നുമായിരുന്നു കെ.എം അഭിജിത്ത് ഫേസ്ബുക്കിലിട്ട വിശദീകരണക്കുറിപ്പില്‍ പറഞ്ഞത്.

ബാഹുലിന്റേയും താന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയതെന്നും പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിച്ചിരുന്നെന്നും തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ ‘ആരോഗ്യപ്രവര്‍ത്തകരെ’ അറിയിച്ചുകൊണ്ട് ഇതേ വീട്ടില്‍ കഴിയുകയാണെന്നുമായിരുന്നു അഭിജിത്ത് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Case Against KM Abhijith

We use cookies to give you the best possible experience. Learn more