കൊച്ചി: കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെറ്റായ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. ആള്‍മാറാട്ടത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോത്തന്‍കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. കെ എം അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്.
പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. 48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസം, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും പരാതിയില്‍ പറയുന്നു.