| Sunday, 14th June 2020, 11:51 am

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്; തീരുമാനം പ്രധാനമന്ത്രിയുമായുള്ള യോഗത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ കൊവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു. പോസിറ്റീവ് ആയ ആളുകളില്‍നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷം വരുന്നതായിരിക്കും ഉചിതം എന്നു പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

‘മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നുതന്നെയാണ് കരുതുന്നത്.’

വിദേശത്തുനിന്ന് വന്നവര്‍ രോഗബാധിതരല്ല. ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് വന്നത്. അവരില്‍ പലര്‍ക്കും കൊവിഡ് ഉണ്ടായിരുന്നു. ഇനി വരുന്നവരിലും അതുണ്ടാകാം.

അതുകൊണ്ടാണ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. രോഗികള്‍ യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ആരോടും ഇവിടേയ്ക്ക് വരേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷവും പ്രവാസി സംഘടനകളും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more