| Monday, 5th April 2021, 7:45 am

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; ഒമാനില്‍ ആരാധനാലയങ്ങള്‍ അടച്ചിടും, ഖത്തറില്‍ വീണ്ടും ലോക്ഡൗണിന് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന. നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശവുമാണ് നല്‍കിയിരിക്കുന്നത്. ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്.

മെയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ചമുതല്‍ ഒമാനിലെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ഒമാന്‍ മതകാര്യമന്ത്രാലയം നിര്‍ദേശിച്ചു.കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ബാച്ച് ശനിയാഴ്ച ഒമാനില്‍ എത്തിയിട്ടുണ്ട്.

റംസാന്‍ അവസാന ദിനങ്ങളില്‍ കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീട്ടിയിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാനാണ് തീരുമാനം.

ഖത്തര്‍ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഖത്തര്‍ ആരോഗ്യ ഉദ്യോഗസ്ഥരാണ് പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് കനത്തജാഗ്രത പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. മാളുകളില്‍ തിരക്ക് നിയന്ത്രിക്കാനായി സൗദി ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒമാനില്‍ 72 മണിക്കൂറിനിടെ 3139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1,63,157 ആയി.

യു.എ.ഇ.യില്‍ 2113 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് 4,70,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Surge in Gulf Countries

Latest Stories

We use cookies to give you the best possible experience. Learn more