തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആര്‍. നിരക്ക് കുറയുന്നില്ലെന്നും അതി വ്യാപന സാഹചര്യം നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയന്ത്രണങ്ങള്‍ പരിമിതമായ രീതിയില്‍ ഏര്‍പ്പെടുത്തി മാത്രമെ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 23 മാസത്തിനുള്ളില്‍ 70 ശതമാനം പേരിലും വാക്‌സിന്‍ എത്തിക്കുകയും സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.