കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് അതിതീവ്ര വ്യാപനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.
അതേസമയം രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും യുവാക്കളെന്നു ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും നഗരത്തില്‍ ആള്‍ക്കൂട്ടത്തിന് കുറവൊന്നുമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ജാഗ്രത പാലിക്കാതെ ജനങ്ങള്‍ നിരത്തിലിറങ്ങുന്നതും രോഗവ്യാപനം വര്‍ധിപ്പിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു.
കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളിലാണ് രോഗം ബാധിച്ചതില്‍ അധികവും യുവാക്കളാണെന്നു വ്യക്തമായിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഇരുപതിനും നാല്പതിനും ഇടയില്‍ വയസുള്ളവര്‍ 41 ശതമാനമാണ്.
നാല്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 29 ശതമാനവും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് യുവാക്കളില്‍ രോഗബാധ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം രോഗം ബാധിച്ചവരില്‍ 72 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ജില്ലയില്‍ മരിച്ച 72 ശതമാനം പേരുടെയും പ്രായം അറുപതിന് മുകളിലാണ്.
റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താന്‍ ജില്ലാഭരണകൂടം നടപടികള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം 10,606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക