| Monday, 6th July 2020, 5:44 pm

'കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം'; ഐ.എം.എയുടെ വാദം സര്‍ക്കാര്‍ തള്ളുന്നതെങ്ങനെ

ആര്യ. പി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായാണ് ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)യുടെ കേരള ഘടകം വിലയിരുത്തുന്നത്. എന്നാല്‍ വസ്തുതകള്‍ നിരത്തി കേരളം കൊവിഡ് 19 സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

കേരളത്തില്‍ രോഗലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവും രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം പിടിപെടുന്നതും കേരളത്തില്‍നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അവിടെ കൊവിഡ് പോസിറ്റീവാകുന്നതുമെല്ലാമാണ് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നതിന്റെ സാധ്യതയായി ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.

കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതര സാഹചര്യത്തിലേക്ക് കേരളം എത്തിയേക്കാമെന്നാണ് ഐ.എം.എയുടെ മുന്നറിയിപ്പ്. കൊവിഡ് വരില്ലെന്ന വിശ്വാസം തെറ്റാണെന്നും സമൂഹ വ്യാപന മുന്നറിയിപ്പ് നല്‍കുന്നത് പോലും ജനങ്ങള്‍ കാര്യത്തെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുക്കാന്‍ വേണ്ടി കൂടിയാണെന്നുമാണ് ഐ.എം.എ പറയുന്നത്.

എന്നാല്‍ കേരളത്തില്‍ ഈ ഘട്ടം വരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും വ്യക്തമാക്കുന്നത്. ഉറവിടം കണ്ടെത്താനാവാത്ത നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആ കേസുകള്‍ ക്ലസ്റ്ററുകളായി മാറുകയും അത് മള്‍ട്ടി കമ്യൂണിറ്റി ക്ലസ്റ്റായി മാറുകയും ചെയ്യുമ്പോള്‍ മാത്രമേ സമൂഹവ്യാപനം നടന്നുവെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ അത്തരമൊരു സാഹചര്യത്തില്‍ കേരളം എത്തിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യം വെച്ച് കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് ഐ.എം.എ പറയുന്നത്. മൂന്നു കാരണങ്ങളാലാണ് കേരളത്തില്‍ സമൂഹവ്യാപനം നടന്നുവെന്ന നിഗമനത്തിലേക്ക് തങ്ങള്‍ എത്തിയതെന്നാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസ് പറഞ്ഞത്.

‘നിലവിലെ സാഹചര്യം വെച്ച് കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് ഐ.എം.എയുടെ നിഗമനം. അതില്‍ പ്രധാനകാരണം. കേരളത്തില്‍ നിലവില്‍ രോഗലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധനവ് തന്നെയാണ്.

മാത്രമല്ല കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം വരുന്നുണ്ട്. ഉറവിടമറിയാത്ത ഇത്തരം രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതിന് പുറമെ കേരളത്തില്‍നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ അവിടെ കൊവിഡ് പോസിറ്റീവാകുന്നുണ്ട്. അതും പരിശോധിക്കേണ്ടതാണ്. ഇതെല്ലാം സമൂഹവ്യാപന സാധ്യതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്’, എബ്രഹാം വര്‍ഗീസ് പറയുന്നു.

ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി മാത്രമാണ് ഇത്തരമൊരു മുന്നറിയിപ്പ് ഐ.എം.എ നല്‍കുന്നതെന്നും അത് സര്‍ക്കാരിന് മേല്‍ ചെളിവാരി എറിയുക എന്ന ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഐ.എം.എ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് അത്തരമൊരു കാര്യം പറയുക എന്നത് അത്ര എളുപ്പമായിരിക്കില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശമാണ് ഐ.എം.എ മുന്നോട്ടുവെക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണം. നിലവില്‍ കേരളം സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ രോഗനിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കുക കൂടി വേണം. ജാഗ്രതയും ശ്രദ്ധയും ഏറെ വേണ്ട സമയമാണിതെന്നും ഡോ. എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ സമൂഹവ്യാപനം നിലവില്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍ തന്നെയാണ് കേരളം ഉള്ളതെന്നുമാണ് സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. സാമൂഹ്യവ്യാപനം കേരളത്തില്‍ നടന്നുകഴിഞ്ഞു എന്ന് പറയുന്നതിന് മുന്‍പ് എന്താണ് സമൂഹവ്യാപനമെന്ന് നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”സമൂഹവ്യാപനത്തിന്റെ ചൂണ്ടുപലകകള്‍ കേരളത്തിലുണ്ടെന്ന് ഐ.എം.എ സൂചിപ്പിക്കുകയുണ്ടായി. അത് വളരെ കൃത്യമായ ഒരു നിരീക്ഷണമാണ്. എന്നാല്‍ ഇതിന് പിന്നാലെ സമൂഹവ്യാപനം ഉണ്ടായെന്ന് സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നില്ലെന്ന രീതിയിലും ചര്‍ച്ചകള്‍ വന്ന് തുടങ്ങി.  യഥാര്‍ത്ഥത്തില്‍ എന്താണ് സമൂഹവ്യാപനം എന്ന് നമ്മള്‍ മനസിലാക്കണം.

സമൂഹ വ്യാപനത്തിന്റെ ഡെഫനിഷന്‍സിന്റെ അകത്തുപെടുന്ന എല്ലാ കാര്യങ്ങളും ഒത്തുചേര്‍ന്നിരിക്കുന്നെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടായെന്നുമാണ് ആരോഗ്യവകുപ്പ് പറയേണ്ടത്. അതായത്, സമൂഹ വ്യാപനം ഈ സ്ഥലത്ത്, ഈ സമയത്ത് ഉണ്ടായി എന്ന് പറയാന്‍ ആരോഗ്യവകുപ്പിന് കഴിയണം.

സമൂഹവ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് സോഴ്‌സ് തിരിച്ചറിയാന്‍ അറിയാത്ത നിരവധി കേസുകള്‍, അത്തരത്തിലുള്ള കേസുകള്‍ ക്ലസ്റ്ററുകളായി മാറുക. അത് മള്‍ട്ടി കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ആയി മാറി കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് നയിക്കുക. ഇതാണ് ഡബ്ല്യു.എച്ച്.ഒ സമൂഹവ്യാപനത്തിന്റെ നിര്‍വചനമായി പറഞ്ഞുവെക്കുന്നത്.

ഇന്ത്യയില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത നിരവധി കേസുകളുണ്ട്. ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലൊക്കെ അത് സംഭവിച്ചുകഴിഞ്ഞു. കേരളത്തില്‍ അത്തരത്തില്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ ക്ലസ്റ്ററിലേക്ക് പോയോ എന്നതാണ് ചോദ്യം. ഇവിടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. കുറേ അധികം ക്ലസ്റ്ററുകള്‍ ഉണ്ടായി വരുന്നു എന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഐ.എം.എ പറയുന്നത്.

ഇത് കമ്യൂണിറ്റി സ്‌പ്രെഡിലേക്കുള്ള ചൂണ്ടുപലകയാണ് എന്ന് അവര്‍ പറയുന്നു. 155 ദിവസങ്ങള്‍ക്ക് ശേഷവും കേരളം ഇങ്ങനെ പിടിച്ച് നില്‍ക്കുകയാണ്. നമുക്ക് ഇവിടെ രോഗം എത്തി മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ബെംഗളൂരുവിലൊക്കെ രോഗം എത്തിയത്. അവര്‍ കുറേ പിടിച്ചുനിന്നു. എന്നാല്‍ ഇപ്പോള്‍ ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളില്‍ 99 ശതമാനം കേസുകളും അവിടെ വെച്ച് തന്നെ സമ്പര്‍ക്കം മൂലം രോഗം പടരുന്ന നിലയിലേക്ക് എത്തി.

ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം അത്തരത്തില്‍ മാറിക്കഴിഞ്ഞു. ഇനി കേരളത്തിലെ സിറ്റികളാണ്. കോഴിക്കോട് കൊച്ചി തിരുവനന്തപുരം കണ്ണൂര്‍ തുടങ്ങിയവയെല്ലാം. ഇതിലേക്ക് പോകാന്‍ സാധ്യതയുള്ള നഗരങ്ങള്‍ തന്നെയാണ്. കേരളത്തില്‍ രോഗ ഉറവിടം അറിയാത്ത കേസുകളില്‍ നിന്ന് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ ഉണ്ടായി ഇതുവരെ കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോയിട്ടില്ല. അതേസമയം തന്നെ അങ്ങനെ എത്തപ്പെടാന്‍ ഒരു നിമിഷം മതി’, അദ്ദേഹം വിശദീകരിക്കുന്നു.

സമൂഹ വ്യാപനത്തിന്റെ ചൂണ്ടുപലകകള്‍ കേരളത്തില്‍ ഉണ്ട് എന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ സമൂഹ വ്യാപനം ഉണ്ടായെന്ന് പറയാന്‍ പറ്റില്ല.

ഇനി അഥവാ സമൂഹ വ്യാപനം ഉണ്ടായാല്‍ തന്നെ നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്നതാണ്. സമൂഹവ്യാപനത്തിനെ എന്തിനാണ് പേടിക്കേണ്ടത് എന്നതാണ് ആലോചിക്കേണ്ടത്.

വ്യാപകമായി അത്തരത്തില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ കപ്പാസിറ്റിയേക്കാള്‍ കടന്നുപോകുകയും നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട് എന്നതാണ്.

അതുകൊണ്ട് സമൂഹവ്യാപനം ഉണ്ടായ ശേഷം നമ്മള്‍ ജാഗ്രത കാണിക്കാം എന്ന് ആരെങ്കിലും ചിന്തിക്കുകയാണെങ്കില്‍ അത് മണ്ടത്തരമാണ്. കാരണം ക്ലസ്റ്ററുകള്‍ രൂപപ്പെടുമ്പോള്‍ ആണ് നമുക്ക് സമൂഹവ്യാപനത്തിന്റെ കൃത്യമായ സൂചനകള്‍ ലഭിക്കുന്നത്.

എത്ര ശക്തമായി നമ്മള്‍ അതിനെ കണ്ടെയ്ന്‍ ചെയ്യുന്നു എന്നതിലാണ് കാര്യം. തിരുവനന്തപുരത്തെ സംബന്ധിച്ച് അപകടകരമായ ക്ലസ്റ്റര്‍ ആണ്. ഉദാഹരണം പൊലീസ്, ഓട്ടോ ഡ്രൈവര്‍, എന്നിവരെല്ലാം. അവിടെ നമ്മള്‍ ക്ലസ്റ്റര്‍ കണ്ടെയ്‌മെന്റ് സ്ട്രാറ്റജി ഫോം ചെയ്യും.

സമൂഹവ്യാപനം നടന്നതായി കരുതിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണാക്കും. അവിടെ വ്യാപകമായി ടെസ്റ്റിങ് നടത്തിയ ശേഷം അവിടെ ക്ലസ്റ്റര്‍ ഉണ്ടായിട്ടുണ്ടോ എന്ന തീരുമാനിക്കുന്നു. മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ ഉണ്ടോ എന്ന് പരിശോധിക്കും. കേരളത്തില്‍ ലോക്കല്‍ ഏരിയയില്‍ ഒന്നും മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ ഇതുവരെ കണ്ടെത്തിട്ടില്ല.

സമൂഹവ്യാപനം ഈ വൈറസിന്റെ ഭാഗമാണ്. ഐ.സി.എം.ആര്‍ കരുതുന്നതുപോലെ അതെന്തോ പരാജയമാണെന്ന രീതിയിലല്ല നമ്മള്‍ അതിനെ കാണുന്നത്.

കേരളം ശാസ്ത്രമാണ് അവലംബിക്കുന്നത്. ഇതിനെ രാഷ്ട്രീയമായ ഒന്നായി കാണരുത്. വളരെ ഗുരുതരമായ സാഹചര്യത്തില്‍ തന്നെയാണ് നമ്മള്‍ ഇപ്പോഴും ഉള്ളത്. ക്ലസ്റ്റര്‍ കണ്ടെയ്‌മെന്റ് സ്ട്രാറ്റജിയോട് പൂര്‍ണമായും സഹകരിക്കുക, അല്ലാത്തപക്ഷം ലോക്ക് ഡൗണിലേക്ക് നമുക്ക് പോകേണ്ടിവരും. അത് ഒഴിവാക്കുക, കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകാതിരിക്കുക, ഡോ. മുഹമ്മദ് അഷീല്‍ വിശദീകരിച്ചു.

എന്നാല്‍ സ്രോതസ് ഇല്ലാത്ത ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി കണ്ടാല്‍ അത് സമൂഹവ്യാപനമായി കണക്കാക്കാമെന്നും ആ ഒരു നിര്‍വചനം ഉപയോഗിച്ചാണ് ഓസ്‌ട്രേലിയയില്‍ നാല് പേര്‍ക്ക് പോസിറ്റീവായി കണ്ടപ്പോഴേ അവര്‍ അത് സമൂഹവ്യാപനമായി പ്രഖ്യാപിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തെന്നും അമേരിക്കയും സമൂഹ വ്യാപനം പ്രഖ്യാപിച്ചത് അങ്ങനെ തന്നെയാണെന്നുമായിരുന്നു ഐ.എം.എ പ്രതിനിധി ഡോ. പ്രദീപ് കുമാര്‍ പ്രതികരിച്ചത്.

കൊവിഡിന്റെ വിവിധ ഘട്ടങ്ങളില്‍ ഒന്നാണ് ഇത്. ഉറവിടമില്ലാതെ പോസിറ്റീവ് ആകുമ്പോള്‍ ആ ഏരിയ കണ്ടെയ്ന്‍മെന്റ് സോണാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ആരോഗ്യപ്രവര്‍ത്തകരുമായും മറ്റും ബന്ധപ്പെടുന്നവരില്‍ ഊര്‍ജ്ജമായി പരിശോധന നടത്തുക എന്നതാണ് ചെയ്യേണ്ടത്.

വലിയ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. വികസിത രാജ്യങ്ങളിലെ നഗരങ്ങളേക്കാള്‍ കൂടുതല്‍ ജനസാന്ദ്രത ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ ചെറിയ വ്യാപനം ഉണ്ടായാല്‍ പോലും രോഗം പടരാന്‍ സാധ്യതയുണ്ട്.

ജനങ്ങളെ ബോധവത്ക്കരിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൊവിഡ് മഹാമാരി ഈ ഘട്ടത്തിലൂടെ കടന്നുപോയേ പറ്റൂവെന്നും ഡോ. പ്രദീപ് കുമാര്‍ പ്രതികരിച്ചു.

നേരത്തെ തന്നെ തമിഴ്‌നാട്, കര്‍ണാടക, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സമൂഹവ്യാപന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് ഐ.എം.എയുടെ വിശദീകരണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളതെന്നും ഐ.എം.എയ്ക്ക് ഇതില്‍ മറ്റു രാഷ്ട്രീയം ഒന്നും ഇല്ലെന്നുമാണ് ഐ.എം.എയുടെ വാദം.

ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും കേരളത്തില്‍ നിലവില്‍ നല്‍കിയ ഇളവുകള്‍ പലരും തെറ്റായി ഉപയോഗിച്ചുവെന്നുമാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം സമൂഹവ്യാപനം നടന്നിട്ടുണ്ടെങ്കില്‍ മറ്റാര് പറയുന്നതിന് മുന്‍പും അക്കാര്യം ജനങ്ങളെ അറിയിക്കുക സര്‍ക്കാര്‍ തന്നെയായിരിക്കുമെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ മടി കാണിക്കില്ലെന്നുമാണ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

‘മുഖ്യമന്ത്രിയാണെങ്കിലും ആരോഗ്യമന്ത്രിയാണെങ്കിലും ആവര്‍ത്തിച്ചു പറയുന്നത് ഗുരുതരമായ അവസ്ഥയിലേക്കാണ് നമ്മള്‍ പോകുന്നത് എന്ന് തന്നെയാണ്. സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തില്‍ നമ്മള്‍ എത്തിയെന്ന് മുഖ്യമന്ത്രി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും അഗ്നിപര്‍വതത്തിന്റെ മുകളിലാണ് നമ്മള്‍ നില്‍ക്കുന്നതെന്നും ആരോഗ്യ മന്ത്രിയും പറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ എല്ലാ പ്രദേശത്തും ഏത് സമയത്തും സാമൂഹ്യവ്യാപനം ഉണ്ടാകത്തക്ക രീതിയിലുള്ള ഗുരുതരമായ അവസ്ഥയാണ് നമ്മള്‍ നേരിടുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നും 100 ശതമാനം പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
നിലവില്‍ ഉറവിടമറിയാത്ത കേസാണ് എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ ഉടനടി വേണ്ട നടപടികള്‍ എടുക്കുന്നുണ്ട്.

സമൂഹവ്യാപനത്തിന്റെ സ്‌ട്രോങ് ഇന്‍ഡിക്കേഷനാണെന്ന് ഐ.എം.എ പറയുന്നു. സ്‌ട്രോങ് ഇന്‍ഡിക്കേഷന്‍ കാണുന്നതുകൊണ്ടാണ് തിരുവനന്തപുരമുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നത്.

സമൂഹ വ്യാപനം ഉണ്ടെങ്കില്‍ അത് ആദ്യം പ്രഖ്യാപിക്കുക സര്‍ക്കാരായിരിക്കും. സര്‍ക്കാരിന് അത് മറച്ചുവെക്കാനോ തടഞ്ഞുവെക്കാനോ ഒളിച്ചുവെക്കാനോ കഴിയില്ല. സമൂഹ വ്യാപനം ഉണ്ടെങ്കില്‍ അത് അതിന്റെ മാനദണ്ഡം അനുസരിച്ച് പരിശോധിച്ചാല്‍, വിദഗ്ധര്‍ പറഞ്ഞാല്‍ അത് സമൂഹ വ്യാപനം തന്നെയാണ്. അത് മറച്ചുവെക്കുന്ന പ്രശ്‌നമില്ല.

സമൂഹ വ്യാപനം എന്ന് പറയുന്നത് എങ്ങനെയായിരിക്കണം എന്നതിനെ പറ്റി ഐ.സി.എം.ആറും ഡബ്ല്യു.എച്ച്.ഒയും പറയുന്ന, ഓരോ രാജ്യത്തിന്റേയും ഓരോ പ്രദേശത്തിന്റേയും മാനദണ്ഡം അനുസരിച്ചുള്ള കാര്യങ്ങളുണ്ട്. അതുപ്രകാരം മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അതിനിടെ ഐ.ഐ.എ സമൂഹ വ്യാപനം നടന്നെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ ആവില്ല.

ചെന്നൈയില്‍ 2000 പോസിറ്റീവില്‍ 98 ശതമാനവും സമ്പര്‍ക്കം മൂലമാണ്. അവിടെ സമൂഹവ്യാപനം ഉണ്ടെന്ന് ഐ.എം.എ പറഞ്ഞിട്ടുണ്ടോ. ദല്‍ഹിയില്‍ നടക്കുന്ന പോലെ ഇവിടെ ഉണ്ടായിട്ടുണ്ടോ. സമൂഹവ്യാപനം ഉണ്ടെങ്കില്‍ ജനങ്ങളോട് പറഞ്ഞേ മതിയാകൂ. ശാസ്ത്രീയമാണെങ്കില്‍ എങ്ങനെ പറയാതിരിക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ സമൂഹവ്യാപനം ഉണ്ടെന്ന് പറയാന്‍ പറ്റില്ല”, വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more