ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ആരംഭിച്ച് കഴിഞ്ഞതായി ഐ.എം.എ. രാജ്യത്തെ സ്ഥിതി അതീവഗുരുതരമാണെന്ന് ഐ.എം.എ ചെയര്‍പേഴ്‌സണ്‍ ഡോ. വി.കെ മോംഗ പറഞ്ഞു.
‘എല്ലാ ദിവസവും 30000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ അവസ്ഥ ശുഭകരമല്ല. ഇതുമായി ബന്ധപ്പെടുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വ്യാപനം വര്‍ധിക്കുകയാണ്. നല്ല സൂചനയല്ല അത്. സാമൂഹികവ്യാപനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്’, അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
ഇപ്പോള്‍ കൊവിഡ് പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കടക്കുകയാണ്. ഇത് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത് വളരെ പ്രയാസകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. 1055932 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചിട്ടുള്ളത്.