| Thursday, 15th April 2021, 5:30 pm

കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്ക് കൊവിഡ്; വരും ദിവസങ്ങളില്‍ 2000മാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം പ്രതിദിനം 2000 വരെയാകാമെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ശംഭു കുമാര്‍ ഝാ പറഞ്ഞു. മുപ്പത് ലക്ഷത്തിലധികം പേരാണ് ഹരിദ്വാറില്‍ നടന്ന കുഭംമേളയില്‍ പങ്കെടുത്തത്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ കുംഭമേള നടത്തിയതിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ കൊവിഡിന്റെ പേരില്‍ കുംഭമേള മാറ്റിവെയ്ക്കാന്‍ തയ്യാറല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഏപ്രില്‍ 30 വരെ കുംഭമേള തുടരുമെന്ന് അവര്‍ പറഞ്ഞിരുന്നു.

‘കുംഭമേള ജനുവരിയില്‍ ആരംഭിക്കാറുണ്ടായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഏപ്രിലില്‍ ഇത് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുംഭ മേളയുടെ ദിവസം വെട്ടിക്കുറച്ചതായി എനിക്ക് ഒരു വിവരവുമില്ല’, എന്നായിരുന്നു ഹരിദ്വാറിലെ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് റാവത്ത് പറഞ്ഞത്.

കഴിഞ്ഞദിവസം കുംഭ മേളയില്‍ പങ്കെടുത്ത നൂറിലധികം ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ഒന്‍പത് മതനേതാക്കളടക്കമുള്ളവര്‍ക്കാണ് കുംഭ മേളയില്‍ പങ്കെടുത്തതിന് പിന്നാലെ കൊവിഡ് പോസിറ്റീവായത്.

ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്‌നാനം ചെയ്തുവെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid Rise In Kumbha Mela

Latest Stories

We use cookies to give you the best possible experience. Learn more