ലണ്ടന്‍: രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയതായി പ്രഖ്യാപിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ തീരുമാനം.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഇതോടെ രാജ്യത്ത് പല കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം നീക്കിയിട്ടുണ്ട്.
അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. വാക്‌സിനേഷനാണ് രാജ്യത്തെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
‘ഈ തീരുമാനം ഇപ്പോള്‍ എടുത്തില്ലെങ്കില്‍ പിന്നെ എന്നാണ് ഈ ഘട്ടത്തില്‍ നിന്ന് പുറത്ത് വരിക? ഇതാണ് അനുയോജ്യമായ സമയം. എന്നാല്‍ ജനങ്ങള്‍ ജാഗ്രതയോടെ മാത്രമെ മുന്നോട്ടുപോകാവു. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും ദുര്‍ബലമായി ഉണ്ടെന്ന് എല്ലാരും മനസ്സിലാക്കണം,’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം ബ്രിട്ടന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ രൂക്ഷവിമര്‍ശനമുയരുകയാണ്. ബ്രിട്ടന്റെ ഈ തീരുമാനം ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ അറിയിച്ചു.