| Tuesday, 1st February 2022, 1:30 pm

സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാവില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവിലെ സാഹചര്യത്തില്‍ സി കാറ്റഗറി ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

തിയേറ്റര്‍ അടച്ചിടുന്നതിനെതിരെയുള്ള ഹരജിയിലാണ് സര്‍ക്കാരിന്റെ മറുപടി. എ.സി ഹാളുകളില്‍ രണ്ടുമണിക്കൂര്‍ ഇരിക്കുന്നത് കൊവിഡ് വ്യാപനം കൂട്ടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളില്‍ തിയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ല. മാളുകളിലും നിയന്ത്രണങ്ങളുണ്ട്. ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റര്‍ ഉടമ നിര്‍മ്മല്‍ എന്നിവരായിരുന്നു തിയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹരജി സമര്‍പ്പിച്ചത്. ക്ലബ്ബുകള്‍ ജിംനേഷ്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ക്കും ഇളവ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. തിയേറ്റര്‍ അടച്ചിടാനുള്ള തീരുമാനം വിവേചനപരമാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകള്‍ പൂട്ടിയിടുന്നതിനെതിരെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്ക് ഫെഫ്ക കത്തയക്കുകയും ചെയ്തിരുന്നു. ജിമ്മുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കും ഇല്ലാത്ത കൊവിഡ് വ്യാപനശേഷി തിയേറ്ററുകള്‍ക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്നായിരുന്നു കത്തില്‍ ചോദിച്ചത്.

നിലവില്‍ അന്‍പത് ശതമാനം സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

മുഖങ്ങള്‍ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഇതെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും, ബാറുകളില്‍ നിന്നും, സ്പാ, സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

രോഗ വ്യാപനത്തോത്, രോഗികളുടെ എണ്ണം എന്നിവ അനുസരിച്ച് ജില്ലകളെ എ, ബി, സി എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ സി കാറ്റഗറിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ പൊതുയോഗങ്ങളടക്കം നിരോധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more