| Wednesday, 22nd April 2020, 3:51 pm

കൊവിഡ് ദുരിതാശ്വാസം; 1 കോടി 30 ലക്ഷം സംഭാവന നല്‍കി ദളപതി വിജയ് ; കേരളത്തിന് 10 ലക്ഷം രൂപയുടെ സഹായം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് വൈറസ് ഉയര്‍ത്തുന്ന ആശങ്കയിലാണ് രാജ്യം മുഴുവന്‍. കൊവിഡ് ദുരിതാശ്വാസത്തിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നടന്‍ വിജയ് ആണ് ഒടുവിലായി സഹായവുമായി എത്തിയിരിക്കുന്നത്.

കേരളത്തിന് 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയുടെ സഹായമാണ് വിജയ് കൊവിഡ് പ്രതിരോധത്തിനായി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 25 ലക്ഷം എന്നിങ്ങനെയും

കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയും വിജയ് നല്‍കി.

ഇതിന് പുറമെ ഫാന്‍സ് അസോസിയേഷന്‍ വഴി സഹായം ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നല്‍കിയിട്ടുണ്ട്.കൊവിഡ് പ്രതിരോധത്തിനായി കേരളത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 50ലക്ഷം രൂപ സഹായമായി നല്‍കിയിരുന്നു. മലയാള സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായമായി പത്ത് ലക്ഷം രൂപയും ലാല്‍ നല്‍കിയിരുന്നു. ഫെഫ്ക്ക രൂപപ്പെടുത്തിയ കരുതല്‍ നിധിയിലേക്കായിരുന്നു ലാല്‍ സംഭാവന നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more