| Wednesday, 5th August 2020, 9:16 am

രാമക്ഷേത്ര ഭൂമിപൂജ; പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നത് കൊവിഡ് മുക്തരായ 150 പൊലീസുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: രാമക്ഷേത്ര ഭൂമി പൂജ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവളയമൊരുക്കുന്നത് കൊവിഡ് മുക്തരായ 150 പൊലീസുദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.

അയോധ്യയിലെ സാകേത് കോളേജ് ഹെലിപ്പാഡ് മൈതാനത്ത് രാവിലെ എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയാണ് ഈ പൊലീസ് സംഘത്തിന്. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി ഏകദേശം മൂന്ന് മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിക്കും.

സുരക്ഷയ്ക്കായുള്ള 150 പൊലീസ് ഉദ്യോഗസ്ഥരും കൊവിഡില്‍ നിന്ന് മുക്തി നേടിയവരാണ്. ഇവരുടെ ശരീരത്തിലെ ആന്റിബോഡി കുറച്ച് മാസത്തേക്ക് അണുബാധ പിടിപെടാനോ അത് പടരാനോ അനുവദിക്കില്ല.അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വളയമൊരുക്കാന്‍ ഈ സംഘത്തെ നിയോഗിച്ചത്.

നഗരത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാവളയത്തിലെ ആദ്യ പാളി ഈ ഉദ്യോഗസ്ഥര്‍ തന്നെയാകുമെന്ന് ഉത്തര്‍പ്രദേശ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.

ഭൂമി പൂജ നടക്കുന്ന അയോധ്യയില്‍ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 604 കൊവിഡ് ആക്ടീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ പ്രധാമന്ത്രിയുടെ സുരക്ഷയ്ക്കായി 150 പൊലീസുകാര്‍ പര്യാപ്തമല്ല. ഇതോടൊപ്പം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ 400 പേരേ കൂടി ഈ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്- ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപക് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാമക്ഷേത്ര ഭൂമിപൂജയ്ക്കായി നിയോഗിച്ച പൂജാരിയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരികരിക്കുന്ന രണ്ടാമത്തെ പൂജാരി കൂടിയാണിത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കാനുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ചതെന്ന് ദീപക് കുമാര്‍ പറഞ്ഞു.

അതേസമയം കൊവിഡില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി കുറച്ച് മാസത്തേക്ക് സാര്‍സ് കോവ് 2 വൈറസിനെയും മറ്റ് അണുബാധകളെയും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more