| Monday, 1st March 2021, 7:59 am

കേരളത്തില്‍ വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന; 'ആര്‍ വാല്യു' താഴേക്ക്, പ്രതീക്ഷയില്‍ സംസ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ കൊവിഡ് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നല്‍കി ആര്‍ വാല്യു (റീപ്രൊഡക്ഷന്‍ നമ്പര്‍) താഴോട്ട്. വൈറസ് വ്യാപനം എത്ര വേഗത്തിലെന്നതിന്റെ സൂചികയായ ആര്‍ വാല്യു 0.9ല്‍ നിന്ന് 0.87 ആയാണ് കുറഞ്ഞത്. ഈ നില തുടരുകയാണെങ്കില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവുണ്ടാകും.

കേരളത്തില്‍ നിന്ന് വിപരീതമാണ് രാജ്യത്തെ സ്ഥിതി. രാജ്യത്ത് കൊവിഡ് കൂടുന്നതിന്റെ സൂചന നല്‍കി ആര്‍ വാല്യു കഴിഞ്ഞ ആഴ്ചയിലെ 0.93ല്‍ നിന്ന് 1.02 ആയി വര്‍ധിച്ചു. ആര്‍ വാല്യു ഒന്നിനു മുകളിലാകുന്നത് കൊവിഡ് കൂടുതല്‍ വ്യാപിക്കുന്നതിന്റെ സൂചനാണ്. കൊവിഡിന്റെ തുടക്ക ഘട്ടത്തില്‍ 1.7 ആയിരുന്നു രാജ്യത്ത് ആര്‍ വാല്യു. ഇത് 1.83 ആയതോടെ വൈറസ് വ്യാപനം രൂക്ഷാവസ്ഥയില്‍ എത്തുകയായിരുന്നു.

പിന്നീട് ഒന്നിലേക്ക് താഴുകയും 0.9 എന്നതിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും വീണ്ടും കൂടുകയായിരുന്നു. പുതിയ കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന 16 സംസ്ഥാനങ്ങളില്‍ പകുതിയെണ്ണത്തിലും ആര്‍ വാല്യു ഒന്നിനു മുകളിലാണ്.

കഴിഞ്ഞ ആഴ്ചകളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ്.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും കൂടുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയും ആശങ്കയിലാണ്.

രാജ്യത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്ട്രേഷന്‍ നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

45നും 59നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കും 60 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യാനാകുക. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയവും കേന്ദ്രങ്ങളും തെരഞ്ഞെടുക്കാനാകും.

തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid R Value down in kerala than other states

Latest Stories

We use cookies to give you the best possible experience. Learn more