‘കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ‘അന്യര്‍ക്ക് പ്രവേശനമില്ല’ എന്ന് ഞാന്‍ വീടിന്റെ മുന്നില്‍ ബോര്‍ഡ് വെച്ചിരുന്നു. എന്റെ ഭാര്യ പ്രസവിച്ച് കിടക്കുകയാണ്. കുട്ടിക്ക് പത്തുമാസമായിട്ടേ ഉള്ളു. വീട്ടില്‍ കുറേ അംഗങ്ങളുണ്ട്. വീടിന്റെ പരിസരത്തും നിരവധി പേര്‍ താമസിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് പുറത്തു നിന്നുള്ളവര്‍ പെട്ടെന്ന് വീട്ടിലേക്ക് കയറുന്നത്.
ഞങ്ങളുടെ കോംപൗണ്ടില്‍ ആറു വീടുകളാണുള്ളത്. അളക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഗേറ്റ് പൂട്ടിയിരുന്നു. എന്നാല്‍ അവര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് കോംപൗണ്ടില്‍ കയറുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറാണ് ആദ്യം ചാടിക്കടന്നത്. പിന്നാലെ പൊലീസുദ്യോഗസ്ഥരും സര്‍വേ ഉദ്യോഗസ്ഥരും,’ കക്കാട് സ്വദേശി ജാഫറിന്റെ വാക്കുകളാണിത്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ എടുക്കുന്നതിനായി സര്‍വേ ഉദ്യോഗസ്ഥരും പൊലീസുകാരും മലപ്പുറം ജില്ലയില്‍ വിവിധ വീടുകളിലായി എത്തുന്നുണ്ട്. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൂട്ടമായി വീടുകളില്‍ കയറി അളവെടുക്കുന്നത് വീട്ടുകാര്‍ തടയുകയും തുടര്‍ന്ന് വീട്ടുകാരും പൊലീസും തമ്മില്‍ നേരിട്ട് സംഘര്‍ഷമുണ്ടാവുന്നതും സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
ജൂലൈ ആദ്യവാരം സര്‍ക്കാര്‍ ഇറക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഇതിനെ കാറ്റില്‍ പറത്തിക്കൊണ്ടാണ് സ്ഥലം അളക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൂട്ടമായെത്തുന്നതും ഇതിനെതിരെ പ്രതിരോധിക്കുന്ന വീട്ടുടമസ്ഥരെ പൊലീസുകാര്‍ കയ്യേറ്റം ചെയ്യുന്നതും.
ആര്‍ക്കും ആരില്‍ നിന്നും രോഗം പകരാമെന്നും പൂന്തുറയില്‍ സമൂഹ വ്യാപനം നടന്ന് കഴിഞ്ഞെന്നും സര്‍ക്കാര്‍ തന്നെ പറയുമ്പോഴാണ്, പൊലീസുകാര്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതെന്നും ജാഫര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 13 തിങ്കളാഴ്ചയാണ് സര്‍വേ എടുക്കാനായി കക്കാട് സ്വദേശി ജാഫറിന്റെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തുന്നത്. വീട്ടില്‍ പ്രായമായവരുള്‍പ്പെടെയുണ്ടെന്ന് പറഞ്ഞിട്ടും ഇതൊന്നും വകവെയ്ക്കാതെ തന്റെ വീട്ടിലേക്ക് അനധികൃതമായി കയറുകയായിരുന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഇത് ജാഫറിന്റെ മാത്രം അനുഭവമല്ല. മലപ്പുറത്ത് വ്യാപകമായി ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വീട് കയറി അളവെടുപ്പ് നടത്തുന്നുണ്ട്. തിങ്കളാഴ്ച തന്നെയാണ് കരീം തടത്തില്‍ എന്ന കക്കാട് സ്വദേശിയുടെ വീട്ടിലും പൊലീസും സര്‍വേ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം എത്തുന്നത്. പ്രതിഷേധിക്കുന്നവരെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയാണ് ചുറ്റിലും കാണുന്നതെന്നാണ് കയ്യേറ്റത്തിനിരയായ വീട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കൊവിഡ് ഭീതി കാരണം പുറത്തുനിന്നുള്ളവര്‍ വീട്ടിലേക്ക് കയറുന്നത് തടയുന്നതിനായി കരീം വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടുകയായിരുന്നു. എന്നാല്‍ വീടിന് പിന്നിലെ ഗേറ്റ് തുറന്ന് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയെന്നും സര്‍വേ നടത്തരുതെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘കഴിഞ്ഞ തിങ്കളാഴ്ചയാണ് അവര്‍ വീട്ടില്‍ വന്നത്. ഒരു എട്ട് മണിയോട് കൂടിയാണ് അവര്‍ കക്കാട് പ്രദേശത്ത് സര്‍വേ ആരംഭിച്ചത്. രാവിലെ പത്ത് മണിയോടെ എന്റെ വീട്ടിലേക്കെത്തി. കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ പുറത്ത് നിന്ന് ആരെയും വീട്ടില്‍ കയറ്റാതിരിക്കാനാണ് പൊതുവെ ശ്രദ്ധിക്കുന്നത്.
അത്‌കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് വീടുകളില്‍ അവര്‍ കയറില്ലെന്നായിരുന്നു കരുതിയത്. ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു. എന്നാല്‍ അവര്‍ വീടിന് പിന്നാമ്പുറത്തൂടെ കയറുകയായിരുന്നു,’കരീം പറയുന്നു.
ഈ സാഹചര്യത്തില്‍ വീട്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ ചോദ്യം ചെയ്ത മകനെ ഉപദ്രവിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ തമ്മില്‍ രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന് പറയുമ്പോള്‍ തന്നെയാണ് ഇവിടെ അവര്‍ തങ്ങളെ കയ്യേറ്റം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് കരീമിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ പൊലീസ് കരീമിനെ
തള്ളിമാറ്റുന്നത് കൃത്യമായി കാണാന്‍ സാധിക്കുന്നുമുണ്ട്. പൊലീസ് നടപടിക്കെതിരെ വ്യാപകപ്രതിഷേധവുമുയര്‍ന്നിരുന്നു. ഇതിനെതിരെ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും എന്നാല്‍ ഉടന്‍ പരാതി നല്‍കാനിരിക്കുകയാണെന്നും കരീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രോട്ടോകോള്‍ പൊലീസിന് ബാധകമല്ലേ?
ജൂലൈ തുടക്കത്തിലാണ് മലപ്പുറം വെന്നിയൂര്‍ സ്വദേശിയായ നൗഷാദിന്റെ വീട്ടില്‍ ഒരു ബസ് നിറയെ പൊലീസുകാരും ഇരുപതോളം സര്‍വേ ഉദ്യോഗസ്ഥരും കൂടി അളവെടുക്കാനായി എത്തിയത്. എന്നാല്‍ അളവെടുപ്പ് തടഞ്ഞ വീട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
വീട്ടുടമസ്ഥനും ഭിന്നശേഷിക്കാരനുമായ നൗഷാദിനെ പൊലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
ജൂലൈ നാലിനാണ് ആദ്യം ഇവര്‍ നൗഷാദിന്റെ വീട്ടില്‍ സര്‍വ്വേ എടുക്കാനായി വരുന്നത്. എന്നാല്‍ കൊവിഡായതിനാല്‍ വീട്ടില്‍ കയറാന്‍ പറ്റില്ലെന്നും സര്‍വേ എടുക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി പോവുകയായിരുന്നു.
എന്നാല്‍ ജൂലൈ ആറിന് രാവിലെ എട്ട് മണിക്ക് പൊലീസ് അകമ്പടിയോടെ സര്‍വേ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നുവെന്ന നൗഷാദ് വെന്നിയൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ ഇവര്‍ എവിടെ നിന്ന് വരുന്നവരാണെന്ന് അറിയില്ല. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സമയമാണ്. അതിനാല്‍ സര്‍വേ എടുക്കാനോ വീട്ടില്‍ കയറാനോ അനുവദിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് അവര്‍ മടങ്ങി പോയി. എന്നാല്‍ ജൂലൈ ആറിന് രാവിലെ അവര്‍ പൊലീസുകാരുടെ അകമ്പടിയോടെ വീണ്ടും വീട്ടില്‍ വരികയായിരുന്നു. വീണ്ടും ഞങ്ങള്‍ തടഞ്ഞതോടെ എന്നെയും ഭാര്യയെയും അവര്‍ ശാരീരികമായി ഉപദ്രവിക്കുകയും തുടര്‍ന്ന് സര്‍വേ എടുത്ത് പോവുകയും ചെയ്തു,’ നൗഷാദ് പറഞ്ഞു.
സര്‍വേ അവര്‍ എടുത്തോട്ടെ, പക്ഷേ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്ന ഘട്ടത്തില്‍ വീട്ടില്‍ കയറുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ സ്റ്റേഷനില്‍ നിന്നും തിരൂരങ്ങാടി സ്റ്റേഷനില്‍ നിന്നുമാണ് പൊലീസ് എത്തിയിരുന്നതെന്നും നൗഷാദ് ആരോപിക്കുന്നു.
തിരൂര്‍ സ്റ്റേഷനില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ആ സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാര്‍ കൂടി അടങ്ങിയ സംഘം കയ്യേറ്റം ചെയ്തത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമോ എന്ന് സംശയിക്കുന്നതായും നൗഷാദ് പറഞ്ഞു.
പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഇത്രയധികം ആളുകള്‍ തന്റെ വീട്ടിലേക്കെത്തിയതെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലേ എന്നും നൗഷാദ് ചോദിക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് ഡൂള്‍ന്യൂസില്‍ നിന്ന് വിളിച്ചെങ്കിലും ഫോണ്‍ എടുത്ത പൊലീസുദ്യോഗസ്ഥന്‍ ആദ്യം അങ്ങനെയൊരു വിഷയം ഉണ്ടായിട്ടില്ലന്നാണ് പ്രതികരിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സി. ഐ വിനോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ
വെന്നിയൂര്‍ സ്വദേശി നൗഷാദിനെ കയ്യേറ്റം ചെയ്ത വാര്‍ത്തയറിഞ്ഞ സമയത്തു തന്നെ സര്‍വേ എടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നതായി കരീം തടത്തില്‍ പറയുന്നു. എന്നാല്‍ ഈ സ്റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുന്നില്ലെന്നും അതിനാല്‍ ഇപ്പോള്‍ സര്‍വേ എടുക്കാമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറുന്നതെന്നും കരീം വ്യക്തമാക്കുന്നു.
‘നൗഷാദിനെ കയ്യേറ്റം ചെയ്ത ദിവസം തന്നെ സര്‍വേ പ്രവൃത്തികള്‍ നിര്‍ത്തി വെക്കാനായി ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിച്ചു. നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതിയുടെ സ്‌റ്റേ ഓര്‍ഡര്‍ ഉണ്ടെന്ന് ഞാന്‍ പറയുകയും അത് കാണിക്കുകയും ചെയ്തു.
എന്നാല്‍ ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഇപ്പോഴില്ല എന്നാണ് അവര്‍ മറുപടി നല്‍കിയത്. ഇതേതുടര്‍ന്ന് ഞാന്‍ സ്‌റ്റേ റദ്ദാക്കിയ ഓര്‍ഡര്‍ കാണണമെന്ന് ആവശ്യപ്പെടുകയും അവര്‍ ഒരു പ്രിന്റ് ഔട്ട് എടുത്തുകൊണ്ട് വന്ന് കാണിക്കുകയുമായിരുന്നു,’ കരീം പറയുന്നു.
ഹൈക്കോടതിയില്‍ നിന്നും ഇവര്‍ വാങ്ങിച്ച സ്‌റ്റേ ജൂലൈ 22 വരെ നിലനില്‍ക്കുന്നതാണെന്നാണ് കരീം പറയുന്നത്. സര്‍വ്വേ ഉദ്യോഗസ്ഥര്‍ പറയുന്ന പ്രകാരം ഓര്‍ഡര്‍ സ്‌റ്റേ ചെയ്യാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓര്‍ഡര്‍ മോഡിഫൈ ചെയ്തിട്ടുണ്ടെന്നാണ് ഡെപ്യൂട്ടി കളക്ടര്‍ പറയുന്നത് എന്നാലും അത്തരമൊരു സംഭവം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് കരീം ആവര്‍ത്തിക്കുന്നത്.
ഈ നടപടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഉണ്ടാവുക വലിയ പ്രത്യാഘാതം
ഒരു ദിവസം 700ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടതാണെന്നാണ് സാമൂഹ്യ നിരീക്ഷകന്‍ ഡോ. ആസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ജനങ്ങളെ പ്രകോപിതരാക്കുകയും അത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
‘നിലവിലെ സാഹചര്യത്തില്‍ തര്‍ക്ക പദ്ധതികള്‍ മുഴുവന്‍ മാറ്റിവെക്കേണ്ടതുണ്ട്. അതിലൊന്ന് ദേശീയ പാതയുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്നെയാണ്. നോട്ടീസ് കൊടുക്കാന്‍ ഒരാള്‍ പറയുന്നപോലെയല്ല ഉദ്യോഗസ്ഥര്‍ കൂട്ടമായി ഒരു വീട്ടിലേക്ക് എത്തുന്നത്. 10 മുതല്‍ 40 ഉദ്യോഗസ്ഥര്‍ വരെ എത്തുന്നുണ്ട്.
നിര്‍ത്തിവെക്കാന്‍ പറ്റില്ല, കോടതി ഉത്തരവുണ്ട് എന്നൊക്കെയാണ് അവര്‍ പറയുന്നത്. പക്ഷെ കൊവിഡ് കാലത്ത് ആളുകള്‍ ഒത്തു ചേരുന്നതില്‍ ചില നിയന്ത്രണങ്ങളുണ്ടല്ലോ. സമരം ചെയ്യാനുള്ള കാരണങ്ങള്‍ ഉന്നയിക്കാം, പക്ഷെ സമരം ചെയ്യാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തി വെക്കുക കൂടി വേണം. അത് സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ നടക്കാന്‍ പോകുന്നത് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിരോധമായിരിക്കും. ജനങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ കൊവിഡ് ഭീതിക്കപ്പുറത്ത് കുടിയൊഴിപ്പിക്കപ്പെടുന്ന ഭീതിയും മുന്നോട്ട് വരും. ആളുകള്‍ ശക്തമായി സംഘടിതരാവും. നിയമം ലംഘിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നതിലേക്കാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി,’ ഡോ. ആസാദ് പറയുന്നു.
പൊലീസിനെ പേടിയുള്ള വൈറസ് അല്ലല്ലോ കൊവിഡ് വൈറസ്
കൊവിഡ് കഴിയുന്നത് വരെ അധികൃതര്‍ കാത്തിരിക്കുകയാണ് വേണ്ടതെന്ന് ആസാദ് പറയുന്നു. സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ അതിന്റെ ഗൗരവം ഒട്ടും ഉള്‍ക്കൊള്ളാതെയാണ് അധികൃതരുടെ നടപടികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ അതിന്റെ ഗൗരവം ഒട്ടും ഉള്‍ക്കൊള്ളാതെയാണ് അധികൃതരുടെ നടപടികള്‍. സത്യത്തില്‍ കൊവിഡ് കഴിയുന്നത് വരെ അധികൃതര്‍ കാത്തിരിക്കുകയാണ് വേണ്ടത്. പൊലീസുകാര്‍ ആണെങ്കില്‍ തന്നെ പത്തു പേരില്‍ അധികം സംഘടിക്കുന്നത് ശരിയാണോ? പെട്ടെന്ന് കയറി ചെല്ലുമ്പോള്‍ വീടുകള്‍ സുരക്ഷിതമാണോ, അങ്ങാടികള്‍ സുരക്ഷിതമാണോ? പൊലീസിനെ പേടിയുള്ള വൈറസ് അല്ലല്ലോ കൊവിഡ് വൈറസ്,’ അദ്ദേഹം ചോദിക്കുന്നു.
നിയമങ്ങള്‍ ജനങ്ങള്‍ക്ക് മാത്രം ബാധകമാണോ എന്നാണ് ഇതിനെതിരെ പ്രതിഷേധിക്കുന്ന ഓരോരുത്തരും ചോദിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ