തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
പൊതു ഇടങ്ങളില്‍ പരിശോധനാകേന്ദ്രങ്ങള്‍ (കിയോസ്‌കുകള്‍) സ്ഥാപിക്കാനും തീരുമാനമായി. കിയോസ്‌കുകളില്‍ ആദ്യം മണ പരിശോധനയാകും നടത്തുക. തുടര്‍ന്ന് സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാകും പദ്ധതിയുടെ പൂര്‍ണ ചുമതല.
സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍, ഐ.സി.എം.ആര്‍ അംഗീകൃത ലാബുകള്‍, ആശുപത്രി വികസന സമിതികള്‍ എന്നിവയ്‌ക്ക് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌ത് കിയോസ്‌കുകള്‍ തുടങ്ങാം.
ഇനിമുതല്‍ കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാനും ആശുപത്രികളെ അനുവദിക്കും. രോഗിയുടെ അവസ്ഥയും സാഹചര്യവും കണക്കിലെടുത്താവും കൂട്ടിരിപ്പുകാരെ അനുവദിക്കുക. കൂട്ടിരിപ്പിന് വ്യക്തിയെ അനുവദിക്കുന്നതില്‍ കൊവിഡ് മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനമെടുക്കുകയെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു.
കൂട്ടിരിക്കുന്ന വ്യക്തി പൂര്‍ണ ആരോഗ്യവാനായിരിക്കുകയും വേണം. ഇവര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് പിപി.ഇ കിറ്റ് നല്‍കുമെന്നും സൂചനയുണ്ട്. കൂട്ടിരിപ്പിനായെത്തുന്നയാള്‍ നേരത്തെ കൊവിഡ് ബാധിച്ചയാളാണെങ്കില്‍ രോഗം ഭേദമായി ഒരു മാസമെങ്കിലും കഴിഞ്ഞിരിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്തിടെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 9347 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക