ഭോപാല്‍: രാഷ്ട്രീയ നീക്കങ്ങള്‍ തകൃതിയായി നടക്കുന്ന മധ്യപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് എം.എല്‍.എ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി. തലമുതല്‍ വിരല്‍ വരെ മറച്ചുള്ള പി.പി.ഇ കിറ്റും ഫെയ്‌സ് ഷീല്‍ഡും ധരിച്ച് ഒറ്റക്കെത്തിയാണ് എം.എല്‍.എ വോട്ട് ചെയ്തത്.
കോണ്‍ഗ്രസ് എം.എല്‍.എ കുനാല്‍ ചൗധരിയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടും വോട്ട് രേഖപ്പെടുത്താനെത്തിയത്. 205 എം.എല്‍.എമാരും വോട്ട് ചെയ്ത് പോയതിന് ശേഷമാണ് ഇദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മറ്റുള്ളവരും ചൗധരിക്ക് വോട്ടു ചെയ്യാനുള്ള അവസരമൊരുക്കി.
ജൂണ്‍ ആറിനാണ് ചൗധരി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജൂണ്‍ 12 ന് അദ്ദേഹത്തിന് യരോഗം സ്ഥിരീകരിക്കുകയായിരുന്നു.
’12:45 ന് ഞാന്‍ ആംബുലന്‍സില്‍ വിദാന്‍ സഭയിലെത്തി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പി.പി.ഇ കിറ്റും മറ്റും ധരിച്ചാണ് എത്തിയത്. ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. അവര്‍ക്ക് അല്‍പം ഭയമുണ്ടായിരുന്നെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ എന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത് തിരിച്ചുപോയി’, കുനാല്‍ ചൗധരി എന്‍.ഡി ടി.വിയോട് പറഞ്ഞു.
എന്നാല്‍ കൊവിഡ് ബാധിതനായ വ്യക്തിയെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എത്തിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് കൊവിഡ് രോഗിക്ക് അതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുകയെന്ന് ബി.ജെ.പി നേതാവ് ഹിതേഷ് ബജ്പായ് ചോദിച്ചു. ഇത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ അവരുടെ
പാര്‍ട്ടി നേതാക്കളോട് ചോദിക്കട്ടെയെന്നുമാണ് കോണ്‍ഗ്രസ് എം.എല്‍.എ ഇതിനോട് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ