| Wednesday, 2nd December 2020, 2:51 pm

ഫൈസര്‍ വാക്‌സിന്‍ അനുമതി നല്‍കി ബ്രിട്ടണ്‍; അടുത്ത ആഴ്ചമുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ജര്‍മ്മന്‍ കമ്പനി ബയോ എന്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെക് എസ്.ഇയുമായി ചേര്‍ന്നു ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബ്രിട്ടന്‍.

മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എം.എച്ച്.ആര്‍.എ) ശുപാര്‍ശ അംഗീകരിച്ചതായും അടുത്ത ആഴ്ച്ച മുതല്‍ രാജ്യത്തുടനീളം വാക്സിന്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കെയര്‍ ഹോമുകളില്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

ആഴചകള്‍ക്ക് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്‍കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെട്ടു.

മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഈ വര്‍ഷം തന്നെ 5 കോടി വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് ഫൈസര്‍ പറയുന്നത്. 2021ല്‍ 130 കോടി വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു.

യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഫൈസര്‍ വാക്സിന് നിലവില്‍ ഉപയോഗാനുമതി നല്‍കിയിട്ടില്ല. ഏതാനും ദിവസം മുന്‍പ് ഇതിനായി ഫൈസര്‍ യൂറോപ്യന്‍ യൂണിയനില്‍ അനുമതി തേടിയിരുന്നു.

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ പത്തിന് ഉപദേശക സമിതി യോഗം ചേരുമെന്ന് എഫ്.ഡി.എ നേരത്തെ അറിയിച്ചിരുന്നു.

വാക്‌സിനുകള്‍ ലഭ്യമാകുന്നതോടെ ആത്യന്തികമായി നമ്മുടെ ജീവിതം വീണ്ടെടുക്കാനും സമ്പദ്വ്യവസ്ഥയെ വീണ്ടും ചലിപ്പിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

വാക്‌സിനുകള്‍ക്കായി ജനങ്ങള്‍ക്ക് എന്‍.എച്ച്എസുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. വൈകാതെ തന്നെ കാര്യങ്ങള്‍ പഴയപടിയാകുമെന്ന് പ്രതീക്ഷിക്കുമെന്നതായും വരും വര്‍ഷം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രചാരണത്തിനാണ് ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നതെന്നും 50 ഓളം ആശുപത്രികളാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും എന്‍.എച്ച്.എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാന്‍ പോകുകയാണെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Pfizer vaccine approved for use next week in UK

We use cookies to give you the best possible experience. Learn more