ദുബായി: ചെറു രോഗ ലക്ഷണങ്ങളുള്ളതും പ്രകടമായ ലക്ഷണങ്ങളില്ലാത്തതുമായ കൊവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോഗ്യ വകുപ്പ്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ചേർന്നാണ് ദുബായ് ഹെൽത്ത് അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്. സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ നിർദേശ പ്രകാരമുള്ളതാണ് സർക്കുലർ.
കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത്, അഡ്മിറ്റ് ചെയ്യുന്നത് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന സർക്കുലറിൽ ചെറു ലക്ഷണങ്ങളുള്ള രോഗികൾക്ക് വീട്ടിൽ ഐസൊലേഷനിൽ കഴിയാമെന്നും പറയുന്നുണ്ട്.
ചുമ, തൊണ്ട വേദന, തലവേദന, പേശി വേദന, ക്ഷീണം തുടങ്ങിയവ ചെറിയ രോഗലക്ഷണങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ആശുപത്രികൾക്ക് താങ്ങാൻ സാധിക്കുന്നതിലും കൂടുതൽ രോഗികൾ എത്തുന്നത് കൊണ്ട് തന്നെ ലോകരോഗ്യ സംഘടന ഉൾപ്പെടെ മാർഗനിർദേശങ്ങൾ പുതുക്കുകയാണെന്ന് ദുബായ് കൊവിഡ് ടാസ്ക് ഫോഴ്സിലെ ഡോക്ടറായ ആദിൽ മുഹമ്മദ് യാസിൻ അൽ സിസി പറഞ്ഞു.
പുതുക്കിയ നിർദേശം പ്രകാരം കൊവിഡ് രോഗികളെ അഞ്ചായാണ് തരം തിരിച്ചിരിക്കുന്നത്. പ്രകടമായ രാേഗ ലക്ഷണം ഇല്ലാത്തവർ, ചെറു രോഗ ലക്ഷണമുള്ളവർ, മോഡറേറ്റ്, സിവിയർ, ക്രിട്ടിക്കൽ എന്നിങ്ങനെയാണ് ഈ വേർതിരിവ്.
ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വീടുകളിൽ ഐസൊലേഷനിൽ ഇരിക്കുകയോ അതോ ആശുപത്രികളോട് സമീപമുള്ള ഹോട്ടലുകളിലെ ക്വാറന്റൈൻ റൂമിൽ താമസിക്കുകയോ ചെയ്യാം. എല്ലാ പ്രധാന ഹോസ്പിറ്റലുകളും തങ്ങളുടെ ബിൽഡിങ്ങിനോട് ചേർന്നുള്ള ഹോട്ടലുകളിൽ ക്വാറന്റൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.