| Saturday, 18th July 2020, 7:24 am

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2097 പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ആശങ്കയിലാഴ്ത്തി കൊവിഡ് സമ്പര്‍ക്കരോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 2097 സമ്പര്‍ക്കരോഗികള്‍. രണ്ടരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തവയില്‍ 3171 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം അതില്‍ 2097 കേസുകളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കത്തിലൂട ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരത്താണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 794 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൊട്ടുപിന്നില്‍ എറണാകുളം ആലപ്പുഴ മലപ്പുറം ജില്ലകളാണ്. ഇവിടെയും സമാനം സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മുമ്പ് രേഖപ്പെടുത്തിയ കൊവിഡ് രോഗികളില്‍ കൂടുതലും വിദേശത്ത് നിന്ന് എത്തിയവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാലിപ്പോള്‍ ആ കണക്കുകളെ മറികടന്ന് സമ്പര്‍ക്കരോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.

വ്യാഴാഴ്ച മാത്രം മൊത്തം രോഗകളില്‍ 68.97 ശതമാനം പേര്‍ക്കും സാമൂഹിക വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. മുപ്പത് ശതമാനത്തോള പേര്‍ മാത്രമാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ രോഗബാധിതര്‍.

അതുകൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കേന്ദ്രസേന വിഭാഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ്.

നിലവില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം 32 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയതും കഴിഞ്ഞ ഒരാഴ്ചയിക്കിടെയാണ്.

അതേസമയം സംസ്ഥാനത്ത് നിലവില്‍ 10 വലിയ ക്ലസ്റ്ററുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം 74 ചെറിയ ക്ലസ്റ്ററും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും സമ്പര്‍ക്കരോഗികള്‍ ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more