കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയ്ക്ക് കൊവിഡ്; നേത്ര രോഗവിഭാഗം അടച്ചു
covid 19 Kerala
കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയ്ക്ക് കൊവിഡ്; നേത്ര രോഗവിഭാഗം അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 9:49 am

കോട്ടയം: ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് നേത്രരോഗ വിഭാഗം അടച്ചു. ഈ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 11 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗത്തിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാക്കുന്നുണ്ട്.

അതേസമയം പ്രദേശത്ത് രോഗവ്യാപനം വര്‍ധിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റുമാനൂരില്‍ ഒരു ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. പച്ചക്കറികളുമായെത്തിയ ലോറി ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മാര്‍ക്കറ്റിലെത്തിയ 28 പേരെ രാവിലെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ചങ്ങനാശ്ശേരിയിലും പരിസര ഭാഗങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഉണ്ടാകുന്നത് സ്ഥിതി ഗുരുതരമാകുന്നതിന്റെ സൂചനയാണ്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നത്.

ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഇന്നും നാളെയും മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കാനാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ