കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് പോസിറ്റീവായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിവല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ജില്ല ഭരണകൂടം.
കൊവിഡ് രോഗികള്‍ പുറത്തിറങ്ങി സാധാരണ മട്ടില്‍ ഇടപഴകുന്നത് ഗുരുതരമായ സാഹചര്യമാണെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
വയോജനങ്ങളിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും കൊവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നത് നാള്‍ക്കുനാള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാര്യങ്ങളെ ഗൗരവ പൂര്‍വ്വം സമീപിക്കണമെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.