ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ കൊവിഡ് രോഗി മരിച്ചു
India
ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ കൊവിഡ് രോഗി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th September 2020, 11:16 am

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ കൊവിഡ് രോഗി മരണപ്പെട്ടു. 38 കാരനായ പ്രഭാകര്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ഇദ്ദേഹം മര്‍ദ്ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികള്‍ ആശുപത്രി ജീവനക്കാരനാണെന്ന് പാട്ടീലിന്റെ സഹോദരന്‍ വിലാസ് പാട്ടീല്‍ പറഞ്ഞു.

സെപ്റ്റംബര്‍ 12 നാണ് യുവാവ് മരണപ്പെടുന്നത്. ഇതിന് തൊട്ടുമുന്‍പായി ആശുപത്രി ജീവനക്കാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു. കൊവിഡ് ബാധിതനായ യുവാവ് മരണപ്പെട്ടിട്ടും പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ മൃതദേഹം തങ്ങള്‍ക്ക് കൈമാറുകയായിരുന്നു ആശുപത്രി അധികൃതരെന്നും വിലാസ് പറഞ്ഞു.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുന്‍പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഓപ്പറേഷന് വിധേയനാക്കി. തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാകുന്നത്. ഇതിന് ശേഷം സെപ്റ്റംബര്‍ എട്ടിനാണ് ഇദ്ദേഹത്തെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഇതിന് ഇടെയാണ് ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫും ജീവനക്കാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. എന്നാല്‍ രോഗി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

പി.പി.ഇ കിറ്റ് ധരിച്ച നഴ്‌സുമാരും സ്റ്റാഫുകളും നിലത്തുവീണുകിടക്കുന്ന ഇയാളുടെ നെഞ്ചില്‍ കാല്‍മുട്ട് അമര്‍ത്തി ഇരിക്കന്നതും മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

സിറ്റിയില്‍ തന്നെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന പ്രഭാകറിന് മാനസികമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യത്വ രഹിതമായിട്ടാണ് ആശുപത്രിക്കാര്‍ പെരുമാറിയതെന്നും മരണത്തിന് കാരണമായത് മര്‍ദ്ദനമാണെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid patient thrashed by staff at Rajkot Civil Hospital dies