| Saturday, 5th September 2020, 11:35 am

കൊവിഡ് 2021 ലും തുടരും; ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം ഘട്ടം ഉണ്ടാകും; എയിംസ് തലവന്‍ ഡോ. രണ്‍ദീപ് ഗുലേറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദിവസേനയുള്ള കൊവിഡ് കേസുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കൊറോണ വൈറസ് മഹാമാരി 2021 ലും തുടരുമെന്ന് ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ടാസ്‌ക്‌ഫോഴ്സിലെ പ്രധാന അംഗം കൂടിയാണ് ഡോ. ഗുലേറിയ

‘കൊവിഡ് ഈ വര്‍ഷം കൊണ്ട് അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. എന്നാല്‍ കുത്തനെയുള്ള ഒരു വര്‍ധനവ് അതില്‍ ഉണ്ടായേക്കില്ല. എന്നാല്‍ പോലും അടുത്ത വര്‍ഷവും ഈ വൈറസ് ഇവിടെ തുടരും’, എന്നായിരുന്നു ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലേറിയ പറഞ്ഞത്.

കൊവിഡ് ഇപ്പോള്‍ ഇന്ത്യയിലുടനീളം വ്യാപിച്ചു കഴിഞ്ഞു. ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇത്രയേറേ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതും.

ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. കാരണം നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അടുത്ത മാസങ്ങളിലെല്ലാം വലിയ വര്‍ധനവ് ഉണ്ടാകും.

ദല്‍ഹി പോലുള്ള ചില സ്ഥലങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ഉണ്ടെന്നും അത്തരമൊരു സാധ്യത രാജ്യത്തെ വിവിധയിടങ്ങളില്‍ തങ്ങള്‍ കാണുന്നുണ്ടെന്നായിരുന്നു ഗുലേറിയയുടെ മറുപടി.

പരിശോധന വളരെയധികം വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കേസുകളുടെ എണ്ണവും ഉയര്‍ന്നു. ഇത് മാത്രമല്ല ആളുകള്‍ നേരത്തെ കാണിച്ചിരുന്ന ഒരു ജാഗ്രത ഇപ്പോള്‍ ആളുകള്‍ കാണിക്കാതായി. രോഗവ്യാപനത്തിന്റെ തോത് ഉയരാന്‍ ഒരു പ്രധാന കാരണം ഇത് തന്നെയാണ്.

നിയന്ത്രണങ്ങള്‍ ഇത്രയും മതിയെന്ന നിലപാടിലാണ് പലരും. ദല്‍ഹിയില്‍ പോലും ആളുകള്‍ മാസ്‌ക് ധരിക്കാറില്ല, ആളുകള്‍ ഒത്തുകൂടുന്നു. പഴയതുപോലെ തന്നെ റോഡുകളില്‍ ട്രാഫിക് ജാം ഉണ്ടായിത്തുടങ്ങി. ദല്‍ഹിയില്‍ നടന്ന സെറോ സര്‍വേയില്‍ അവിടുത്തെ ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനം പേരും കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകള്‍ ഉള്‍പ്പെടെ ധാരാളം വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഏത് വാക്‌സിന്‍ ആയാലും അത് സുരക്ഷിതമായിരിക്കണം എന്നതാണ് പ്രധാനം.

കൊവിഡിനെതിരെ ഞങ്ങള്‍ക്ക് ഒരു വാക്‌സിന്‍ ഉണ്ടെന്ന് പറയുന്നതിന് മുമ്പായി നമ്മള്‍ വലിയ തോതില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. വാക്‌സിന്‍ വികസിപ്പിക്കാന്‍ കുറച്ച് മാസങ്ങള്‍ കൂടി എടുക്കും. എല്ലാം ശരിയായി നടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

ചെറിയ ഒത്തുചേരലുകള്‍ പോലും അപകടരമാണ്. നമ്മള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം വൈറസില്‍ നിന്നും നമ്മുടെ ശരീരത്തിന് സംരക്ഷണം ലഭിക്കും. അതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രം പൊതുയിടങ്ങളില്‍ ഇറങ്ങാന്‍ ശ്രമിക്കുക’, അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Covid pandemic will continue in 2021, India seeing 2nd Covid wave in some areas: AIIMS chief Dr Randeep Guleria

We use cookies to give you the best possible experience. Learn more