പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാര്‍ച്ച് 13 നും 20 നും ഇടയ്ക്ക് കാരക്കുന്ന് ആനക്കാപ്പറമ്പ് വിയ്യക്കുര്‍ശി പള്ളികളില്‍ ഇദ്ദേഹം എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കാരക്കുര്‍ശി യത്തീംഖാന സന്ദര്‍ശിച്ചു.
മാര്‍ച്ച് 16ാം തിയതിയും 18ാം തിയതിയും 21ാം തിയതിയും മണ്ണാര്‍ക്കാട് താലൂക്ക് സഹകരണ ആശുപത്രികളിലും പോയി. ഇതോടെ ഡോക്ടര്‍മാരുള്‍പ്പെടെ 170 പേരിലേറെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ ഏഴ് ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.
വിദേശത്തുനിന്ന് എത്തിയ ശേഷം ക്വാറന്റീനില്‍ കഴിയാതെ സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുകയായിരുന്ന ഇയാള്‍. ഒരാഴ്ചയോളമാണ് ഇദ്ദേഹം പള്ളിയിലും ആശുപത്രികളിലും വിവിധ സ്ഥാപനങ്ങളിലുമായി സഞ്ചരിച്ചത്. നിയമ ലംഘനം നടത്തിയ ഇയാള്‍ക്കെതിരെ കേസെടുത്തതായി പാലക്കാട് കളക്ടര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തോട് വീട്ടില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും ഇദ്ദേഹം അത് അവഗണിക്കുകയായിരുന്നു.
മാര്‍ച്ച് 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് ഇദ്ദേഹം വീട്ടിലിരിക്കാന്‍ തയ്യാറായത്. ഇതിനിടെ ചില അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ മണ്ണാര്‍ക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കും, ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുളള ബസുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച് ഇതേ ബസ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി തയാറാക്കി. മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണനയിലാണ്.
അതേസമയം പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശിയും കോട്ടോപ്പാടം സ്വദേശിയും വീടുകളില്‍ തന്നെ കഴിഞ്ഞതിനാല്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടി വന്നിട്ടില്ല.