| Wednesday, 28th April 2021, 8:14 am

മാസ്‌ക് പോലുമില്ലാതെ ബി.ജെ.പി അധ്യക്ഷന്റെ കൂറ്റന്‍ റോഡ് ഷോ; റാലി നടത്തിയിടത്ത് 693 പുതിയ രോഗികള്‍, തെലങ്കാനയില്‍ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബി.ജെ.പി അധ്യക്ഷന്റെ റോഡ് ഷോ. തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബണ്ടി സഞ്ജീവിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി റോഡ് ഷോ സംഘടിപ്പിച്ചത്.

റോഡ് ഷോയുടെ ചിത്രങ്ങള്‍ തെലങ്കാന ബി.ജെ.പിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിലുള്ളവര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിട്ടില്ലെന്നത് വ്യക്തമാണ്.

വിമര്‍ശനമുയര്‍ന്നതോടെ ചിത്രങ്ങള്‍ ബി.ജെ.പി ഡിലീറ്റ് ചെയ്തു.

മാസ്‌ക് പോലും ധരിക്കാതെയാണ് പലരും റോഡ് ഷോയില്‍ പങ്കെടുത്തത്. ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ചൊവ്വാഴ്ച മാത്രം വാറങ്കലില്‍ 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. പതിനായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ കൊവിഡ് ബാധിച്ചത്. 10122 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 52 പേര്‍ മരിച്ചു.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. നിലവില്‍ 69221 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

Content Highlight: Covid norms flouted at Telangana BJP president’s roadshow in Warangal

We use cookies to give you the best possible experience. Learn more