കൊവിഡ് ലോക്ഡൗണ്‍ കാലത്തെ ഓര്‍മകളിലേക്ക് വീണ്ടും പ്രേക്ഷകരെ തിരികെ കൊണ്ടുപോയ ചിത്രമാണ് കൊറോണ ധവാന്‍. നവാഗതനായ സി.സി. നിതിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, ശരത് സഭ, ജോണി ആന്റണി, ഇര്‍ഷാദ്, ബാലാജി ശര്‍മ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് ഒരു ശരാശരി മലയാളി അനുഭവിച്ച പ്രശ്‌നങ്ങളെല്ലാം ചിത്രത്തില്‍ രസകരമായി കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഒറ്റ ദിവസത്തില്‍ ബീവറേജുകളും ബാറുകളും അടച്ചുപൂട്ടിയപ്പോള്‍ മദ്യം കഴിക്കുന്നവര്‍ അനുഭവിച്ച പ്രതിസന്ധികളിലാണ് ചിത്രം കേന്ദ്രീകരിക്കുന്നത്.
പ്രതിസന്ധിയുടെ കാലമാണെങ്കിലും രസകരമായ ഒരുപാട് ഓര്‍മകളും ലോക്ഡൗണ്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സാധാരണ ചിത്രം എന്ന തരത്തില്‍ പോകുന്ന കൊറോണ ധവാന്‍ ലോക്ഡൗണ്‍ മോഡ് പിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മേരെ പ്യാരെ ദേശ് വാസിയോ എന്നാരംഭിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതോടെയാണ്.
ഇതിന് ശേഷമാണ് മദ്യത്തിനായുള്ള പരക്കം പാച്ചില്‍ ആരംഭിക്കുന്നത്. മദ്യാസക്തി കാരണം സാനിറ്റൈസര്‍ കുടിച്ചെന്ന ലോക്ഡൗണ്‍ കാലത്തെ വാര്‍ത്തകളും, ഡ്രോണ്‍ പിടിച്ചെടുത്ത രസകരമായ വീഡിയോകളുമെല്ലാം കാണുന്ന പ്രേക്ഷകരുടെ ഓര്‍മയിലേക്ക് വരും. കൊറോണകാലത്ത് പോസിറ്റീവ് എന്ന വാക്ക് ഏറ്റവും നെഗറ്റീവ് ഇംപാക്ടും ഉണ്ടാക്കിയിരുന്നു എന്നതും ചിത്രം ഓര്‍മിപ്പിക്കുന്നു. ഒടുവില്‍ ബെവ്‌കോ ആപ്പും പരാമര്‍ശിക്കുന്നുണ്ട്.
നര്‍മമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ബാലാജി ശര്‍മ, ശരത് സഭ, ധര്‍മജന്‍, ജോണി ആന്റണി, ലുക്മാന്‍ അവറാന്‍ എന്നിവരുടെ പ്രകടനം മികച്ചുനിന്നു.
Content Highlight: Covid lockdown period in corona dhavan