| Thursday, 24th September 2020, 8:34 am

സ്വര്‍ണ്ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് കൊവിഡ്; കൊച്ചി ഇ.ഡി ഓഫീസ് അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കൊവിഡ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് അന്വേഷണം നിലച്ച മട്ടിലാണ്.

രോഗം സ്ഥിരീകരിച്ചതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിലാണ്.

ഇതേത്തുടര്‍ന്ന് കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തി. ഇവരുടെ കൊവിഡ് ഫലം നെഗറ്റീവാണ്.

എന്നാല്‍ എന്നുവരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ജീവനക്കാര്‍ എത്രദിവസം ക്വാറന്റീനില്‍ കഴിയണമെന്നും വ്യക്തമല്ല. മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാനൊരുങ്ങവെയാണ് അന്വേഷണം മുടങ്ങിയത്.

ഇ.ഡി. ചോദ്യംചെയ്തവരും ക്വാറന്റീനില്‍ കഴിയണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ മാസം 9, 10, 11 തീയതികളിലായാണ് ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ ഇ.ഡി. ചോദ്യംചെയ്തത്.

ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി കളക്ടറേറ്റില്‍നിന്ന് ഇ.ഡി.യെ അറിയിച്ചില്ലെന്നാണ് സൂചന. കൊവിഡ് ടെസ്റ്റ് നടത്തിയ സ്വകാര്യലാബില്‍ പരിശോധനാ ഫലത്തിനായി വിളിച്ചപ്പോള്‍ കളക്ടറേറ്റിലേക്കു കൊടുത്തുവെന്നാണ് പറഞ്ഞത്.

എന്നാല്‍, രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനെ മാത്രം വിവരം അറിയിക്കുകയും മുറിയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ദേശിക്കുകയുമാണ് ആരോഗ്യവകുപ്പ് ചെയ്തത്.

ഈ വിവരം ഉദ്യോഗസ്ഥനില്‍നിന്ന് അറിഞ്ഞയുടനെ ഇ.ഡി. അധികൃതര്‍ മറ്റ് ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ഓഫീസ് അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

രോഗം സ്ഥിരീകരിച്ച തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് ഞായറാഴ്ചയാണ് ടെസ്റ്റ് നടത്തിയത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: kochi ed office closed

We use cookies to give you the best possible experience. Learn more