'നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരും';നഴ്‌സുമാറും ഡോക്ടര്‍മാറും ക്ഷീണിച്ചു പോകാതിരിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിര്‍ദേശം ലംഘിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജോലി പോലും നഷ്ടപ്പെട്ടേക്കും. രോഗത്തിന്റെ മൂന്ന് ഘട്ടങ്ങളിലേക്കായി ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. മീഡിയവണിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
”പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് കരുതിയത്. ശക്തമായ കേസ് എടുത്താല്‍ ഇവര്‍ക്ക് തിരിച്ചുപോകാന്‍ കഴിയുമോ…വീണ്ടും ജോലിക്ക് പോകേണ്ടേ? ആള്‍ക്കാര്‍ ഓര്‍ക്കേണ്ട ഒരു കാര്യം കേസ് രജിസ്റ്റര്‍ ചെയ്താല്‍ അത് ജോലിയെപ്പോലും ബാധിക്കും,” മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ നഴ്‌സുമാറും ഡോക്ടര്‍മാറും ക്ഷീണിച്ചു പോകാതിരിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.
നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ പുറത്തിറങ്ങി നടക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ജനതാ കര്‍ഫ്യൂവില്‍ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊവിഡ്-19 വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹനഗതാഗതം നിര്‍ത്തി വെക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ടു.