കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. കൊവിഡ് വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മമതയുടെ പ്രതികരണം
രോഗപ്രതിരോധത്തിനായി ഇതുവരെ 4000 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവാക്കിയെന്നും മമത പറഞ്ഞു. ഇതിനായുള്ള കേന്ദ്രധനസഹായം വേഗത്തിലാക്കണമെന്നും ജി.എസ്.ടി നഷ്ടപരിഹാരം നല്‍കണമെന്നും മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നിര്‍മ്മാണവും അതിന്റെ വിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും സഹകരിക്കുമെന്നും മമത പറഞ്ഞു.
അതേസമയം വാക്‌സിന്‍ എപ്പോള്‍ വരുമെന്ന കാര്യം തങ്ങള്‍ക്ക് പറയാനാവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. വാക്സിന്‍ എപ്പോള്‍ എത്തുമെന്ന് പറയേണ്ടത് അതില്‍ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞരാണെന്നായിരുന്നു മോദി പറഞ്ഞത്. ചില ആളുകള്‍ കൊവിഡില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ അതില്‍ നിന്ന് തടയാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് എടുത്തുപറയാതെയായിരുന്നു മോദിയുടെ ഈ വിമര്‍ശനം. രാജ്യത്തെ പൗരന്മാര്‍ക്ക് കൊവിഡ് വാക്സിന്‍ എന്ന് ലഭ്യമാക്കുമെന്നും അത് ഏത് വാക്സിനായിരിക്കുമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ കൊവിഡ്-19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു രാഹുലിന്റെ ഈ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് വാക്സിന്‍ എന്ന് എത്തുമെന്ന് തങ്ങള്‍ക്ക് പറയാനാവില്ലെന്നും അതെല്ലാം ശാസ്ത്രജ്ഞരുടെ കൈകളില്‍ ഇരിക്കുന്ന കാര്യമാണെന്നുമുള്ള മോദിയുടെ മറുപടി.
കൊവിഡ് സ്ഥിതി വിലയിരുത്താനായി കേരളം, മഹാരാഷ്ട്ര, ദല്‍ഹി, പശ്ചിമബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് മോദി വിളിച്ചുചേര്‍ത്തത്.
വാക്സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാക്കുമെന്നും മോദി പറഞ്ഞു. കൊവിഡ് വാക്സിന്‍ വിതരണത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.
ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നീട് പൊലീസുകാര്‍ക്ക് അതിന് ശേഷം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എന്നിങ്ങനെയായിരുന്നു കൊവിഡ് വാക്സിന്‍ വിതരണം നടത്തുകയെന്നും മോദി പറഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
കൊവിഡ് വാകിസിന്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വേഗത പോലെ തന്നെ സുരക്ഷയും പ്രധാനമാണ്. ഇന്ത്യ ഏത് വാക്സിന്‍ പൗരന്മാര്‍ക്ക് നല്‍കിയാലും അത് അങ്ങേയറ്റം സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായിരിക്കും. വാക്സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളും കോള്‍സ്റ്റോറേജ് സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണെന്നും മോദി പറഞ്ഞു. പോസിറ്റീവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും മോദി പരഞ്ഞു.
മികച്ച റിക്കവറി റേറ്റ് കാണുമ്പോള്‍ പലരും കരുതുക വൈറസ് ദുര്‍ബലപ്പെട്ടു കഴിഞ്ഞെന്നും പഴയ സ്ഥിതിയില്‍ ഉടന്‍ തിരിച്ചെത്താമെന്നുമാണ്. എന്നാല്‍ ഈ അശ്രദ്ധ വലിയ വിപത്തിലേക്ക് നയിക്കും. വാകസിന്‍ എത്തുന്നതുവരെ ആളുകള്‍ ജാഗ്രത തുടരേണ്ടതും കൊവിഡ് വ്യാപനം തടയാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്’ മോദി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക