| Sunday, 26th April 2020, 8:10 pm

രാജ്യത്ത് സ്ഥിതി ഗുരുതരമാവുന്നു; 24 മണിക്കൂറില്‍ 47 മരണം, പുതുതായി 1975 പേര്‍ക്ക് കൊവിഡ്; ആകെ രോഗികളുടെ എണ്ണം 26,917

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഞായറാഴ്ച 1,975 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 26,917 ആയി.

24 മണിക്കൂറിനിടെ 47 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 826 ആയി.

രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം 22 ശതമാനം ഉയര്‍ന്നെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പ് ഇത് 12 ശതമാനമായിരുന്നു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുന്ന മഹാരാഷ്ട്രയിലാണ് ഞായറാഴ്ചയും ഏറ്റവുമധികം പേര്‍ക്ക് രോഗം പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. 440 പുതിയ കേസുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 358 പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,068 ആയി. ആകെ സ്ഥിരീകരിച്ചവരില്‍ 5,407 കേസുകളും മുംബൈയിലാണ്.

24 മണിക്കൂറിനിടെ 19 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 12 എണ്ണവും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 342 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more