'വീടും നാടുമൊക്കെ പെറ്റമ്മയുടെ അടുത്തെത്തുന്ന പോലെയല്ലേ'? നാട്ടിലേക്ക് മടങ്ങുന്നവരോട് വിവേചനം പാടില്ലെന്ന് മുഖ്യമന്ത്രി
COVID-19
'വീടും നാടുമൊക്കെ പെറ്റമ്മയുടെ അടുത്തെത്തുന്ന പോലെയല്ലേ'? നാട്ടിലേക്ക് മടങ്ങുന്നവരോട് വിവേചനം പാടില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 5:54 pm

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ തിരിച്ചു വരുന്നതിനെ എതിര്‍ക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ കൂടെ നാടാണിതെന്നും കൊവിഡ് ലോകത്താകെ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ പുറം നാട്ടിലുള്ളവര്‍ നാട്ടിലേക്ക് വരരുതെന്ന സമീപനം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ആളുകളില്‍ ചിലര്‍ക്ക് രോഗമുണ്ടാകാം. ആ രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“രോഗി ആയിരുന്ന ഒരാള്‍, അല്ലെങ്കില്‍ മറ്റൊരു നാട്ടില്‍ നിന്ന് വരുന്നവര്‍ ഇങ്ങോട്ട് വരാന്‍ പാടില്ലെന്ന സമീപനം എവിടെയും സ്വീകരിക്കേണ്ടതില്ല. കാരണം കൊവിഡ് ലോകത്താകെയുള്ള ഒരു പ്രതിഭാസമാണിത്. വരുന്നവര്‍ അവരുടെ നാട്ടിലേക്കാണ് വരുന്നത്. നമ്മള്‍ സാധാരണ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കില്ലേ? വീടും നാടുമൊക്കെ പെറ്റമ്മയുടെ അടുത്തെത്തുന്ന പോലെയല്ലേ. ആ ഒരു മനോഭാവത്തോടെയല്ലേ ആളുകള്‍ വരിക. അവരുടെ കൂടി നാടായ  പ്രദേശത്തേക്ക് വരുമ്പോള്‍ ആരും അതിന് തടസ്സം നില്‍ക്കരുത്. എന്നാല്‍ പുറമെ നിന്ന് വരുന്നവരാണെങ്കില്‍ നിരീക്ഷണത്തില്‍ അവര്‍ കഴിയണം. വീട്ടിലെത്തിക്കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്. അക്കാര്യത്തില്‍ ജാഗ്രത പാലിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്ര 8, തമിഴ്നാട് 3, കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്താകെ 666 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 161 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.പാലക്കാട്- 7, മലപ്പുറം-4, കണ്ണൂര്‍- 3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2 വീതവും കാസര്‍കോട്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ രോഗികളുമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക