രാജ്യത്ത് കൊവിഡ് മരണം അരലക്ഷം; ഇന്ത്യയിലെ സാഹചര്യം അതീവ ഗുരുതരം: ഒരാഴ്ചയില്‍ കേരളത്തിലെ കൊവിഡ് രോഗികള്‍ 1500 കവിഞ്ഞു
national news
രാജ്യത്ത് കൊവിഡ് മരണം അരലക്ഷം; ഇന്ത്യയിലെ സാഹചര്യം അതീവ ഗുരുതരം: ഒരാഴ്ചയില്‍ കേരളത്തിലെ കൊവിഡ് രോഗികള്‍ 1500 കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th August 2020, 7:27 am

ന്യൂദല്‍ഹി; ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.

മാര്‍ച്ച് 30 നാണ് ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടന്നിങ്ങോട്ട് അഞ്ചര മാസം പിന്നിടുമ്പോള്‍ ഇന്ത്യയിലെ കൊവിഡ് സാഹചര്യം മറ്റ് രാജ്യങ്ങളെക്കാള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

നിലിവിലെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,028 ആയി. അമേരിക്ക, ബ്രസീല്‍ മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യയിലെതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായതും ശനിയാഴ്ചയാണ്. 67,103 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ ആഗസ്റ്റിലാണ് രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 25,90,572 കൊവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

അതേസമയം ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കൊവിഡ് പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നിലവില്‍ ന്യൂദല്‍ഹിയിും ജമ്മു കശ്മീരിലും മാത്രമാണ് രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 1500 ല്‍ കൂടുതലാണ് രോഗികള്‍.

ഇന്ത്യയിലെ രോഗ വ്യാപനത്തെ 21 ദിവസം കൊണ്ട് കീഴടക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ കൊവിഡ് സാഹചര്യമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


content highlights; covid hike in india