| Saturday, 26th September 2020, 7:38 am

കൊവിഡ് രോഗവ്യാപനനിരക്കില്‍ കേരളത്തിന് ഒന്നാം സ്ഥാനം; വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം പതിനായിരം കടക്കും: ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് രോഗവ്യാപന നിരക്കില്‍ കേരളം തന്നെ ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കേരളത്തിന്റെ സ്ഥാനം നാലാമതാണ്.

3.4 ശതമാനമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. ഇതേനില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം 10000 കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 750000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

രോഗവ്യാപന നിരക്കില്‍ ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ഇരുസംസ്ഥാനങ്ങളിലെയും രോഗവ്യാപനനിരക്ക് മൂന്നുശതമാനമാണ്.

എന്നാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളത്തിന് നാലാം സ്ഥാനമാണ്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്.

ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.

ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തുകൂടിയതും രോഗവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായിരുന്നിട്ടും സമരത്തിന്റെപേരില്‍ ആളുകള്‍ ഒത്തുകൂടുന്നത് ശരിയല്ല. അങ്ങനെവന്നാല്‍ രോഗികളുടെ എണ്ണം ഇനിയുമുയരുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തില്‍ നിലവില്‍ പത്തുലക്ഷത്തില്‍ 74,031.6 എന്ന തോതിലാണ് പരിശോധന നടത്തുന്നത്. പത്തുലക്ഷത്തില്‍ 4397.4 എന്നതാണ് കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക്.

സെപറ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 45993 പേരാണ് ചികിത്സയിലുള്ളത്. നിലവിലെ രോഗമുക്തി നിരക്ക് 69.8 ശതമാനമാണ്. 0.4 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS:  covid growth rate in kerala

We use cookies to give you the best possible experience. Learn more